school-festival

കൊല്ലം: സൂപ്പർ സ്റ്റാറായുള്ള സ്വർണക്കപ്പ് ഇന്ന് എത്തുന്നതോടെ 15 വർഷത്തിനു ശേഷം സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്ന കൊല്ലത്തെ ആവേശം ഇരട്ടിക്കും. നാളെ രാവിലെ ഒമ്പതിന് ആശ്രാമം മൈതാനത്തെ പ്രധാനവേദിക്കരികിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് കലോത്സവത്തിന് പതാക ഉയർത്തും.

ഭിന്നശേഷിക്കുട്ടികളുടെ ചെണ്ടമേളം, മയിലാട്ടം, ശിങ്കാരിമേളം, കളരിപ്പയറ്റ് എന്നിവ അരങ്ങേറും. സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരവുമായി വിദ്യാർത്ഥികൾക്കൊപ്പം നടി ആശാശരത്ത് ചുവട്‌വയ്ക്കും. 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലാവിളക്ക് തെളിക്കും. അഞ്ചു നാൾ കൊല്ലം കൗമാര കാലാവേശത്തിലമരും.

പ്രധാനവേദിയിൽ ഹൈസ്‌കൂൾവിഭാഗം വിദ്യാർത്ഥികളുടെ മോഹിനിയാട്ടമത്സരമാണ് ആദ്യം തുടങ്ങുന്നത്. ആദ്യദിവസം 23 വേദികളിൽ മത്സരമുണ്ട്. എട്ടിന് വൈകിട്ട് 5ന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ. അനിൽ സുവനീർ പ്രകാശനംചെയ്യും. മെഗാതാരം മമ്മൂട്ടി ജേതാക്കൾക്ക് സ്വർണക്കപ്പ് സമ്മാനിക്കും.

റെയിൽവേ സ്റ്റേഷനിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും മത്സരാർത്ഥികളെ സ്വീകരിക്കാൻ സംവിധാനമുണ്ട്. റെയിൽവേ ഇന്നു മുതൽ ഹെൽപ്പ് ഡെസ്‌ക് തുറക്കും. ഇന്ന് രാവിലെ 10.30ന് കൊല്ലം ടൗൺ എൽ.പി.എസിൽ രജിസ്‌ട്രേഷൻ തുടങ്ങും. കുട്ടികൾക്കുള്ള താമസസൗകര്യം 31 സ്‌കൂളുകളിലായാണ് ഒരുക്കിയിട്ടുള്ളത്.

 പാചകം പഴയിടം

ഭക്ഷണമൊരുക്കാനുള്ള ചുമതല ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിക്കാണ്. ചിന്നക്കട - കടപ്പാക്കട റോ‌ഡിലെ ക്രേവൻ സ്‌കൂളിലാണ് ഭക്ഷണപ്പന്തൽ. ദിവസവും പായസമുൾപ്പെടെയുള്ള ഉച്ചഭക്ഷണമുണ്ടാകും. അഞ്ചുദിവസവും വ്യത്യസ്തയിനം പായസമൊരുക്കുമെന്ന് പഴയിടം പറഞ്ഞു. പാലടപ്രഥമനാണ് ആദ്യദിനം.

കൂപ്പൺ ഉള്ളവർക്കുമാത്രം ഭക്ഷണം. ദിവസവും രാവിലെ ജില്ലാ കോ-ഓർഡിനേറ്റർ കൂപ്പൺ നൽകും.

230 മത്സര ഇനങ്ങൾ

 പ്രധാനവേദി - 60,000 ചതുരശ്രഅടി

 ഇരിപ്പിടം- 70000

 വേദികൾ- 23

 മത്സര ഇനം- 239

 ഭക്ഷണപ്പന്തൽ- 25,000 ചതുരശ്രയടി

 അടുക്കള- 7000 ചതുരശ്രയടി

 ഒരേസമയം കഴിക്കുന്നത്- 2200 പേർ

 വിളമ്പാൻ- 300 പേർ

 പാഴ്സൽ സൗകര്യം

 പ്രഭാത ഭക്ഷണം- 7 മുതൽ 9 വരെ
 ഉച്ചഭക്ഷണം- 11.30 മുതൽ 2.30 വരെ