വെഞ്ഞാറമൂട്: വേണ്ടത്ര പൊലീസുകാരില്ലാത്തതിനാൽ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പ്രവർത്തനം അവതാളത്തിൽ.

ആറ്റിങ്ങൽ ഡിവിഷൻ പരിധിയിൽ ഭൂമി ശാസ്ത്രപരമായാലും ജ്യൂഡറിസ്റ്റിക് പരിധിയിലായാലും വിശാല പരിധിയുള്ള സ്റ്റേഷനാണ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ.അറുപത് പൊലീസുകാരെങ്കിലും വേണ്ട സ്റ്റേഷനിൽ ഇപ്പോഴുള്ളത് 40 പൊലീസുകാർ.

വെഞ്ഞാറമൂട് ഒരു സാംസ്കാരിക പ്രദേശമായതുകൊണ്ടു തന്നെ മിക്ക ദിവസങ്ങളിലും മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക പരിപാടികളും നടക്കുന്നുണ്ട്.ഇതിനും സുരക്ഷ ഒരുക്കേണ്ടത് ഇവർ തന്നെ. പലപ്പോഴും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നവരെ വീണ്ടും വിളിച്ച് വരുത്തേണ്ട സ്ഥിതിയുമുണ്ട്. ഇതിനിടയിൽ രാഷ്ട്രീയ സംഘടനങ്ങൾ,ആക്രമങ്ങൾ,മോഷണം എന്നിവ കൂടിയാകുമ്പോൾ സമീപ സ്റ്റേഷനുകളിൽ നിന്ന് പൊലീസുകാരെ വിളിക്കേണ്ടതായി വരും.

സ്റ്റേഷൻ പരിധിയിൽ മാണിക്കൽ പുല്ലമ്പാറ നെല്ലനാട് വാമനപുരം എന്നീ നാല് പഞ്ചായത്തുകൾ ഉൾപ്പെടുന്ന മലയോര മേഖലയിൽ ലഹരിമാഫിയ സംഘങ്ങളുടെ അതിക്രമവും,തുടരെയുള്ള ആത്മഹത്യകളും പതിവാണ്.

വിശാല പരിധിയിലുള്ള സ്റ്റേഷനായത് കൊണ്ട് തന്നെ രാത്രികാല പട്രോളിംഗിന് പൊലീസിന് എല്ലായിടത്തും എത്താനും കഴിയുന്നില്ല. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ സ്റ്റേഷൻ പരിധിയിൽ വെമ്പായത്ത് ഒരു ഹോട്ടൽ, കീഴായിക്കോണം പള്ളിയിൽ എന്നിങ്ങനെ മൂന്ന് മോഷണങ്ങളാണ് നടന്നത്. രാത്രികാല പെട്രോളിംഗ് ശക്തമായിരുന്നെങ്കിൽ ഇത് നടക്കില്ലായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

വേണ്ടത് - 46

ഉള്ളത്- 40

ഒരു സബ് ഇൻസ്പെക്ടറുടെ കുറവുമുണ്ട്.

ഗതാഗതനിയന്ത്രണവും ചുമതല

സംസ്ഥാനപാതയിൽ കേശവദാസപുരം മുതൽ കൊട്ടാരക്കര വരെയുള്ള പാതയിൽ ഏറ്റവും തിരക്കുള്ള നാല് റോഡുകൾ സന്ധിക്കുന്ന ഒരിടമാണ് വെഞ്ഞാറമൂട്. അതുകൊണ്ട് തന്നെ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്.ഈ സന്ദർഭങ്ങളിൽ നാലോളം പൊലീസുകാരാണ് ഗതാഗതം നിയന്ത്രിക്കാനെത്തുന്നത്. ഈ സമയം വി.ഐ.പികൾ ആരെങ്കിലും കടന്നു പോയാൽ അവർക്ക് യാത്ര ഒരുക്കണം, അകമ്പടി സേവിക്കണം.