
വിതുര:45 വർഷത്തിനുശേഷംനടന്ന സൗഹൃദകൂട്ടായ്മയുടെ സന്തോഷം അവസാനിക്കും മുൻപേ കൂട്ടായ്മയിൽ പങ്കെടുത്തവരിൽ ഒരാളായ അനിൽകുമാറിന്റെ അകാല വിയോഗം കുടുംബത്തിനൊപ്പം, സഹപാഠികളേയും ദുഖത്തിലാഴ്ത്തി.നന്ദിയോട് കടയിൽ വീട്ടിൽ അനിൽകുമാർ (62) ആണ് ഹാർട്ടറ്റാക്കിനെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്.ന്യൂഇയർ ദിനത്തിൽ കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ അനിൽകുമാറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ 1978 ബാച്ചിൽ എസ്.എസ്.എൽ.സി ക്ക് പഠിച്ചവരാണ് വിതുര സുഹൃത്ത് ബാലഭവനിൽ ശനിയാഴ്ച ഒത്തുചേർന്നത്.അനിൽകുമാറിന്റെയും വിതുര സുധാകരന്റെയും നേതൃത്വത്തിൽ ഒരുവർഷത്തെ ശ്രമഫലമായാണ് സൗഹൃദകൂട്ടായ്മ സംഘടിപ്പിച്ചത്. വിതുര സ്വദേശിയായ അനിൽകുമാർ 1981 ൽ സൈന്യത്തിൽ ചേർന്നു.വിരമിച്ചശേഷം നന്ദിയോട് എൽ.പി.എസ് ജംഗ്ഷനിൽ ബേക്കറി കട നടത്തിവരികയായിരുന്നു.ശ്രീകലയാണ് ഭാര്യ.മക്കൾ: ആര്യ, സൂര്യ.മരുമക്കൾ: വിപിൻ, സ്വരാജ്.അനിൽകുമാറിന്റെ നിര്യാണത്തിൽ അടൂർപ്രകാശ് എം.പി,ഡി.കെ.മുരളി എം.എൽ.എ, ജി.സ്റ്റീഫൻ എം.എൽ.എ,നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാരാജീവൻ,വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് എന്നിവരും, സൗഹൃദകൂട്ടായ്മയും അനുശോചിച്ചു.