
തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയുടെ കഴിഞ്ഞവർഷത്തെ വരുമാനം 12 കോടി രൂപ. സംസ്ഥാനത്തെ 23,786 യൂണിറ്റുകൾ വഴിയാണ് ഈ നേട്ടം.
വരുമാനത്തിൽ കോട്ടയം ജില്ലയാണ് ഒന്നാമത്. കോഴിക്കോട് രണ്ടാംസ്ഥാനത്തും. കരകൗശല ഉത്പന്ന നിർമ്മാണം, ടൂർ ഗൈഡിംഗ്, ടൂർ പാക്കേജുകൾ, ഭക്ഷണവിൽപ്പന, ഭക്ഷ്യ ഉത്പാദനം, ഭക്ഷ്യസംസ്കരണം, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ആയുർവേദം, പരിസ്ഥിതിസൗഹൃദ സംരഭങ്ങൾ,
കൺസൾട്ടൻസി സേവനം, സ്റ്റാർട്ട്അപ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയാണ് വരുമാനം.
റൂറൽ ടൂറിസം, വില്ലേജ് ടൂറിസം, അഗ്രി ടൂറിസം, ഫാം ടൂറിസം തുടങ്ങിയ മേഖലകളിൽ പ്രവർത്തനം സജീവമാക്കി കൂടുതൽ വരുമാനം നേടുകയാണ് അടുത്ത ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങൾ മുഖേന ഗുണഭോക്താക്കളെ കണ്ടെത്തി പരിശീലനം നൽകും. മൾട്ടിനാഷണൽ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ പദ്ധതി വഴിയും ബാങ്കുകളുടെ സഹായത്തോടെയും പ്രവർത്തന ഫണ്ട് സമാഹരിക്കും.
സ്ത്രീസൗഹൃദ ടൂറിസം പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ പറഞ്ഞു.