ചങ്ങരംകുളം: ഐലക്കാട് അടച്ചിട്ട വീട് കുത്തിതുറന്ന് സ്വർണവും വിലപിടിപ്പുള്ള വാച്ചുകളും മോഷ്ടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഐലക്കാട് കോതകത്ത് മണികണ്ഠന്റെ വീട്ടിലായിരുന്നു മോഷണം. നാലുദിവസമായി വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഞായറാഴ്ച വീട്ടുകാര്‍ എത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള വീട്ടിൽ നിന്ന് സുരക്ഷാ കാമറയും ഡി.വി.ആറും അടക്കം മോഷ്ടാവ് കൊണ്ട് പോയി. അലമാരകൾ മുഴുവൻ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഒന്നര പവൻ തൂക്കം വരുന്ന സ്വർണക്കമ്മൽ, റാഡോ വാച്ച്, മറ്റ് എട്ടോളം വാച്ചുകൾ, ടാബ് അടക്കമുള്ളവ മോഷ്ടാവ് കവർന്നിട്ടുണ്ട്. മുറികള്‍ മുഴുവന്‍ മഞ്ഞള്‍പൊടി വിതറിയ നിലയിലാണ്. ചങ്ങരംകുളം പൊലീസും ഡിവൈ.എസ്‌.പി അടക്കമുള്ള ഉദ്യോഗസ്ഥരും വീട്ടിൽ പരിശോധന നടത്തി. മലപ്പുറത്ത് നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി തെളിവെടുത്തു.