കുന്നംകുളം: പുതുവർഷ ആഘോഷത്തിനിടെ പന്തല്ലൂർ ക്ഷേത്രപരിസരത്ത് മദ്യപിച്ചെത്തിയ നാലംഗ സംഘത്തിന്റെ ആക്രമണത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ പരിക്കേറ്റ ക്ഷേത്ര പരിസരത്ത് താമസിക്കുന്ന ഹൃദയ സംബന്ധമായ അസുഖബാധിതനായ പന്തല്ലൂർ കല്ലിങ്ങൽ ദിൽ രഞ്ചനെ (15) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പന്തല്ലൂർ സ്വദേശികളായ പന്നിപുലയത്ത് ജിത്ത് (34), മുച്ചിരപ്പറമ്പിൽ വിനോദ് കുമാർ (44) എന്നിവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രാത്രി പുതുവർഷത്തോട് അനുബന്ധിച്ച് പന്തല്ലൂർ ക്ഷേത്രപരിസരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പാട്ടു വെച്ച് ആഘോഷം നടന്നിരുന്നു. ആഘോഷം അവസാനിപ്പിച്ച സമയത്താണ് മദ്യപിച്ചെത്തിയ നാലംഗ സംഘം പാട്ട് വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദിൽ രഞ്ചനെ ആക്രമിച്ചത്. ഇതുകണ്ട് ഓടിവന്ന ജിത്തുവിനെ സംഘം മുഖത്ത് അടിച്ച് പരിക്കേൽപ്പിച്ചു. തടയാൻ ചെന്നപ്പോഴാണ് വിനോദ് കുമാറിന് മർദ്ദനമേറ്റത്. നാലംഗ സംഘത്തിലെ പലരും മുമ്പും നിരവധി ക്രിമിനൽ കേസിലെ പ്രതികളാണെന്ന് പരിക്കേറ്റവർ പറഞ്ഞു. പൊലീസ് കേസെടുത്തു.