ആലുവ: സി.സി ടിവി ക്യാമറയും പൊലീസിന്റെ അനാസ്ഥയും സ്കൂൾ വാൻ ഉടമയ്ക്ക് ധനനഷ്ടവും മാനഹാനിയുമുണ്ടാക്കി. ആലുവ ഉളിയന്നൂർ സ്വദേശി സിദ്ദിഖിനാണ് വേറൊരാളുടെ വാഹനത്തിന്റെ പിഴ അടക്കേണ്ടിവന്നത്.
2022 ജൂലായ് 28ന് നട്ടുച്ചയ്ക്ക് തിരുവനന്തപുരം മലയം മാളിവിക റോഡിൽ സിദ്ദിഖിന്റെ സ്കൂട്ടർ നിയമലംഘനം നടത്തിയതായിട്ടാണ് മോട്ടോർ വാഹനവകുപ്പിന്റെ സൈറ്റിലുള്ളത്. കെ.എൽ 20 എഫ് 6063 എന്ന നമ്പറിലുള്ള മിനി വാൻ ഉടമയുടെ പേര് മാറ്റുന്നതിനായി ആർ.ടി ഓഫീസിലെത്തിയപ്പോഴാണ് പഴയ പിഴ അടക്കാനുണ്ടെന്നറിയുന്നത്. വിശദമായി പരിശോധിച്ചപ്പോൾ ക്യാമറയിലുള്ളത് സ്കൂട്ടറാണെന്ന് വ്യക്തമായി. രജ്സ്ട്രേഷൻ നമ്പർ തുടങ്ങുന്നത് കെ.എൽ 20 എഫ് എന്നാണെങ്കിലും ബാക്കി ഭാഗം വ്യക്തമല്ല. അവശേഷിക്കുന്നത് 6063 ആയാലും സ്കൂട്ടർ ആയതിനാൽ നിയമലംഘനം നടത്തിയത് സിദ്ദിഖല്ലെന്ന് വ്യക്തമാണ്.
തന്റേത് സ്‌കൂൾ വാഹനമാണെന്നും ചിത്രത്തിലുള്ളത് സ്കൂട്ടറാണെന്നും ചൂണ്ടിക്കാട്ടിയപ്പോൾ തിരുവനന്തപുരം പൊലീസുമായി ബന്ധപ്പെടാനായിരുന്നു മോട്ടോർ വാഹനവകുപ്പ് അധികാരികളുടെ മറുപടി. എന്നാൽ കേസ് കോടതിക്ക് കൈമാറിയെന്നും തിരുത്താൻ നടപടി ക്രമങ്ങളേറെയുണ്ടെന്നും പൊലീസ് അറിയിച്ചു. അതിനാൽ ചെയ്യാത്ത കുറ്റത്തിന് 250 രൂപ പിഴയടച്ച് ഒടുവിൽ സിദ്ദിഖിന് കേസ് അവസാനിപ്പിക്കേണ്ടിവന്നു.