rahul-gandhi

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുന്നതിലുള്ള സി.പി.ഐയുടെ എതിർപ്പ് മുഖവിലയ്‌ക്കെടുക്കാതെ കോൺഗ്രസ്. ബി.ജെ.പി സഖ്യത്തെ നേരിടാൻ രൂപീകരിച്ച ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽ വന്ന് എൽ.ഡി.എഫിനോട് ഏറ്റുമുട്ടുന്നതിനെയാണ് സി.പി.ഐയും മുന്നണിയും എതിർക്കുന്നത്

രാഹുൽ ഗാന്ധി ബി.ജെ.പിയെ നേരിട്ടെതിർത്ത് രാഷ്ട്രീയ സന്ദേശം നൽകണമെന്ന ആവശ്യമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉന്നയിച്ചത്. അതിനോട് അനുകൂലമായ പ്രതികരണമല്ല കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി നടത്തിയത്. ഇന്ത്യാ സഖ്യം രൂപീകരിച്ചതിന് ശേഷം നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ സഖ്യത്തിലെ ഏകോപനക്കുറവാണ് കോൺഗ്രസിന്റെ പരാജയ കാരണമായി വിശകലനം ചെയ്യപ്പെടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്.

തങ്ങൾക്കെതിരെ ഉത്തരേന്ത്യയിൽ മത്സരിക്കാതെ രാഹുൽ ഒളിച്ചോടുകയാണെന്ന ബി.ജെ.പി വാദത്തിന് മറുപടി പറയാനും കോൺഗ്രസിനാവുന്നില്ല. വരുന്ന തിരഞ്ഞെടുപ്പിലും മോദി നയിക്കുന്ന മുന്നണിക്കെതിരെ മത്സരിക്കാൻ രാഹുൽ പ്രാപ്തനല്ലെന്ന സംഘപരിവാർ ആരോപണത്തിന് എണ്ണ പകരുന്നതാവും അദ്ദേഹത്തിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം.