തിരുവനന്തപുരം: ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ കുടുങ്ങിപ്പോയ ചുമട്ടുതൊഴിലാളിയെ സാഹസികമായി രക്ഷിച്ച് ഫയർഫോഴ്സ്. രക്ഷപ്പെട്ട കരുമം ഇടഗ്രാമം ഇലങ്കത്തറ വീട്ടിൽ രാധാകൃഷ്‌ണനെ (54) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 2.45നായിരുന്നു സംഭവം.
അരിസ്റ്റോ ജംഗ്ഷന് സമീപം പണി നടക്കുന്ന ബഹുനില കെട്ടിടത്തിലേക്ക് ഗ്രാനൈറ്റുമായെത്തിയ ലോറിയിൽ നിന്ന് ലോഡിറക്കുന്നതിനിടെയായിരുന്നു അപകടം. വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോൾ ഗ്രാനൈറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ രാധാകൃഷ്‌ണനെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ തടിക്കഷ്‌ണങ്ങൾ വച്ച് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഫയർഫോഴ്സ് രക്ഷാപ്രവർത്തനം ഏറ്റെടുത്തെങ്കിലും ഗ്രാനൈറ്റ് പാളികളുടെ എണ്ണവും ഭാരക്കൂടുതലും കാരണം രക്ഷാപ്രവർത്തനം ശ്രമകരമായി.
തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉടൻ ഹൈഡ്രോളിക് സ്‌പ്രെഡർ ഉപയോഗിച്ച് ഗ്രാനൈറ്റ് പാളികൾ മാറ്റി രാധാകൃഷ്‌ണനെ രക്ഷപ്പെടുത്തുകയായിരുന്നു. കാലുകൾക്ക് പരിക്കേറ്റ രാധാകൃഷ്‌ണൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റേഷൻ ഓഫീസർ അനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ അനിൽകുമാർ,ബിജു,വിഷ്‌ണുനാരായണൻ,മഹേഷ്‌കുമാർ,അനീഷ്.ജി.കെ, അമൽരാജ്,സാനിത്,രഞ്ജിത്,പ്രശാന്ത്,ബിജു,സനിൽകുമാർ,ശ്യാമളകുമാർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.