
ശിവഗിരി: 91 –ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന ദിനങ്ങൾ അവസാനിച്ചതിന് പിന്നാലെ, ശിവഗിരിക്കുന്നുകൾ ശുചീകരിച്ച് ഹരിത കേരള മിഷൻ പ്രവർത്തകർ. ഒന്നിനായിരുന്നു മഹാതീർത്ഥാടനം അവസാനിച്ചത്. രണ്ടാം തീയതി തന്നെ 200ൽപരം വരുന്ന ഹരിത സേനാംഗങ്ങൾ ശിവഗിരിക്കുന്നുകളിലും പരിസരങ്ങളിലും ശേഷിച്ച മാലിന്യങ്ങൾ നീക്കംചെയ്തു. ശുചിത്വ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഹരിത സേനാംഗങ്ങളെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അഭിനന്ദിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും വർക്കല മുനിസിപ്പാലിറ്റിയുടെയും സഹകരണം ലഭ്യമായിരുന്നു. വെട്ടൂർ, നഗരൂർ, ഇലകമൺ, ചെമ്മരുതി പഞ്ചായത്തുകളിൽ നിന്നുള്ള സേനാംഗങ്ങളായിരുന്നു ശുചീകരണത്തിൽ പങ്കെടുത്തത്. മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി, ഹരിത കേരള മിഷൻ കോ-ഓർഡിനേറ്റർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.