kerala-budjet

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം അടുത്ത വർഷവും ആസൂത്രണ പദ്ധതി വിഹിതം കുറയുമെന്ന് സൂചന. ജനുവരിയിൽ ബഡ്ജറ്റ് അവതരിപ്പിക്കാനിരിക്കെ ഇതുവരെ അടുത്ത വർഷത്തെ ആസൂത്രണപദ്ധതിക്ക് അന്തിമരൂപം നൽകിയിട്ടില്ല. ബഡ്ജറ്റിന് ഒരുമാസം മുമ്പാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് ആസൂത്രണപദ്ധതിക്ക് അന്തിമരൂപം നൽകുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടിൽ കഴിഞ്ഞ വർഷവും പദ്ധതി വിഹിതം കുറച്ചിരുന്നു.2022- 23ൽ 39,​665.19 കോടിയുടെ പദ്ധതികളാണ് ആസൂത്രണം ചെയ്തതെങ്കിൽ കഴിഞ്ഞ സാമ്പത്തികവർഷം 38,​629.19 കോടിയായി കുറഞ്ഞു. ഇതിൽ 8,​259കോടി കേന്ദ്രവിഹിതമാണ്. ബാക്കി 30,​000കോടിയിലേറെ സംസ്ഥാനം കണ്ടെത്തണമായിരുന്നു. ഇതുവരെ 23,​000കോടി മാത്രമാണ് മാറ്റിവയ്ക്കാനായത്. അതിനാലാണ് അടുത്ത വർഷം പദ്ധതി വിഹിതം കുറയ്ക്കുന്നത്. ഗ്രാമീണവികസനം, ജലസേചനം, വൈദ്യുതി, സാമൂഹ്യനവീകരണം, ഗതാഗതം, ശാസ്ത്രസാങ്കേതികം, കൃഷി തുടങ്ങി പന്ത്രണ്ട് മേഖലകളിലാണ് പദ്ധതികൾക്ക് പണം ചെലവാക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ വികസനത്തിന്റെ നല്ലൊരുപങ്കും ആസൂത്രണ പദ്ധതികളിലൂടെയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതിനാൽ 2024-25ലെ ബഡ്ജറ്റ് ജനുവരിയിൽ തന്നെ അവതരിപ്പിക്കാനാണ് ആലോചന. ധനവകുപ്പും ആസൂത്രണ ബോർഡും വകുപ്പുകളുമായി കൂടിയാലോചിച്ചുള്ള നടപടികൾ അവസാനഘട്ടത്തിലെത്തി. സബ്ജക്ട് കമ്മിറ്റി യോഗങ്ങൾ, ചർച്ചകൾ, ഗ്രാന്റുകൾക്കുള്ള ഡിമാൻഡ് പാസാക്കൽ തുടങ്ങിയ നടപടികൾ അതിവേഗം നടക്കുകയാണ്.

ഫെബ്രുവരിയിലോ മാർച്ചിലോ ബഡ്ജറ്റ് അവതരിപ്പിച്ചാൽ തിരഞ്ഞെടുപ്പിന് മുമ്പ് മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കാനാവില്ല. സമ്പൂർണ്ണ ബഡ്ജറ്റ് നേരത്തേ പാസാക്കിയാൽ പദ്ധതി നിർവ്വഹണം തടസ്സങ്ങളില്ലാതെ പൂർത്തിയാക്കാം. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ചെലവ് ആരംഭിക്കാനും കഴിയും. സാമ്പത്തിക പ്രതിസന്ധിയിൽ ജനപ്രിയ ബഡ്ജറ്റ് വെല്ലുവിളിയാവും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമപെൻഷൻ വർദ്ധനയടക്കം പരിഗണിക്കേണ്ടി വരും. കഴിഞ്ഞ ബഡ്ജറ്റിൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സേവനങ്ങൾക്ക് നികുതി കൂട്ടുകയും ഇന്ധന സെസ് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കുറി അതിനായെന്ന് വരില്ല.