തിരുവനന്തപുരം: ജോലിക്കായുള്ള ഇന്റർവ്യൂവിനെന്ന വ്യാജേന വിളിച്ചുവരുത്തി മൂന്നുപേർ ചേർന്ന് മർദ്ദിച്ച ശേഷം യുവാവിൽ നിന്ന് 37,000 രൂപ തട്ടിയെടുത്തതായി പരാതി. പൗഡിക്കോണം വട്ടവിള ഗൗതം നിവാസിൽ എസ്.കണ്ണനാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്.
ഗൂഗിളിൽ വന്ന പരസ്യം കണ്ടാണ് കണ്ണൻ സ്കൈടെക് എറണാകുളം കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ജോലിക്കായി അപേക്ഷിച്ചത്. ഡിസംബർ 31ന് വഴുതക്കാടുള്ള ഹോട്ടലിൽ ഇന്റർവ്യൂവിനെത്താൻ അവർ നിർദ്ദേശിച്ചു. എന്നാൽ കണ്ണൻ അവിടെ എത്തിയപ്പോൾ ഹോട്ടലിൽ വരാൻ ബുദ്ധിമുട്ടുണ്ടെന്നും കമ്മിഷണർ ഓഫീസിന് സമീപത്തുള്ള അമ്പലത്തിന് സമീപത്തുള്ള ഇടവഴിയിൽ നിറുത്തിയിട്ടിരുന്ന കാറിൽ കയറാനും തട്ടിപ്പുകാർ പറഞ്ഞു. കാറിൽ ഡ്രൈവറടക്കം മൂന്നുപേരുണ്ടായിരുന്നു. കമ്പനിയുടെ ഓഫീസിലേക്ക് പോകാമെന്നും കണ്ണനോട് പറഞ്ഞു.
പലവഴികളിലൂടെ സഞ്ചരിച്ച കാർ ആളൊഴിഞ്ഞ സ്ഥലത്ത് നിറുത്തിയശേഷം കണ്ണനിൽ നിന്ന് പണം ആവശ്യപ്പെടുകയായിരുന്നു. പലതവണയായി പലരിൽ നിന്നും ഗൂഗിൾ പേ വഴി 37,000 രൂപ നൽകി. അതിനുശേഷം മർദ്ദിച്ചവശനാക്കിയ ശേഷം കണ്ണനെ കമ്മിഷണർ ഓഫീസിന് സമീപത്തുള്ള അമ്പലത്തിന് സമീപത്ത് ഇറക്കിവിടുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ കണ്ണൻ വിവരം ആരോടും പറഞ്ഞില്ല. പണം നൽകിയവർ അടുത്ത ദിവസം തുക തിരികെ ചോദിച്ചതോടെയാണ് കണ്ണൻ പരാതിയുമായി പൊലീസിനെ സമീപിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ ഇയാൾ ജനറൽ ആശുപത്രിയിൽ ചികിത്സയും തേടി.