
തിരുവനന്തപുരം: വർക്കല - ശിവഗിരി റെയിൽവേ സ്റ്റേഷൻ ലോകനിലവാരത്തിൽ പുതുക്കിപ്പണിയാനുള്ള ടെൻഡർ കെ-റെയിലിന്. റെയിൽവേയുടെയും സംസ്ഥാനത്തിന്റെയും സംയുക്ത സംരംഭമാണ് കെ-റെയിൽ. 133 കോടിയുടെ പദ്ധതിയിൽ മുഴുവൻ തുകയും കേന്ദ്രസർക്കാരാണ് നൽകുന്നത്. ലോക ടൂറിസം ഭൂപടത്തിലുള്ള വിനോദസഞ്ചാര കേന്ദ്രം, പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രം എന്നിവ പരിഗണിച്ചാണ് വർക്കല - ശിവഗിരി റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുന്നത്. പുതിയ ഡിസൈൻ തയ്യാറാക്കുന്നതടക്കമുള്ള ചുമതല കെ-റെയിലിനാണ്. ശിവഗിരി മഠവുമായി ആലോചിച്ചാവും ഡിസൈൻ തയ്യാറാക്കുക. റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിന്റെ നവീകരണം, എസ്കലേറ്റർ, ലിഫ്റ്റ്, പാർക്കിംഗ് സൗകര്യം, യാത്രക്കാർക്കുള്ള ആധുനികസൗകര്യങ്ങൾ എന്നിവ വികസന പദ്ധതിയിലുണ്ടാകും. അമൃത്ഭാരത് പദ്ധതിയുടെ ഭാഗമായാണ് വർക്കല സ്റ്റേഷൻ വികസിപ്പിക്കുന്നത്.
13ന് അഹല്യാനഗരി എക്സ് പ്രസ്റദ്ദാക്കി
തിരുവനന്തപുരം:ഭോപ്പാലിൽ റെയിൽവേട്രാക്ക് ജോലികൾ നടക്കുന്നതിനാൽ അഹല്യനഗരി പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ 13ന് കൊച്ചുവേളിയിൽ നിന്ന് ഇൻഡോറിലേക്കും 15ന് ഇൻഡോറിൽ നിന്ന് കൊച്ചുവേളിയിലേക്കുമുള്ള സർവ്വീസുകൾ റദ്ദാക്കി.
ന്യൂനപക്ഷ ക്ഷേമവകുപ്പിൽ സ്ഥിരം ഡയറക്ടറെ നിയമിക്കണം
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമവകുപ്പിൽ സ്ഥിരം ഡയറക്ടറെ നിയമിക്കണമെന്ന് സി.എച്ച്. മുഹമ്മദ് കോയ എഡ്യൂക്കേഷൻ ട്രസ്റ്റ് വൈസ് ചെയർമാൻ പി. സിയാവുദ്ദീനും സെക്രട്ടറി ടി.എ. അബ്ദുൾ വഹാബും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വകുപ്പിൽ പത്ത് മാസമായി ഡയറക്ടറില്ലാത്തതിനാൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള ആനുകൂല്യങ്ങളും സഹായവും ലഭിക്കുന്നില്ല. കേരളത്തിന്റെ ഇടപെടൽ ഇല്ലാത്തതുകാരണം കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിൽ വകുപ്പിന് ലഭിക്കേണ്ടിയിരുന്ന രണ്ടായിരം കോടി രൂപ ലഭിച്ചില്ല. ഇതു സംബന്ധിച്ച വാർത്തകൾ വന്നിട്ട് സർക്കാർ അറിഞ്ഞഭാവം കാണിച്ചില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
സബ്സിഡി സാധനങ്ങളുടെ
വില വർദ്ധന:മന്ത്രിസഭാ
തീരുമാനം ഇന്ന്
തിരുവനന്തപുരം: സപ്ലൈകോ വഴി വിൽക്കുന്ന സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിക്കണമെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും.
വിപണി വിലയുടെ 25 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ വിൽക്കാമെന്ന് ഭക്ഷ്യവകുപ്പ് അംഗീകരിച്ച നിർദേശം മന്ത്രിസഭ അംഗീകരിച്ചേക്കും.
സബ്സിഡി സാധനങ്ങളുടെ എണ്ണം 13ൽ നിന്നും 16 ആക്കണമെന്ന് സംസ്ഥാന ആസൂത്രണ കമ്മിഷൻ അംഗം ഡോ. രവിരാമൻ അധ്യക്ഷനും ഭക്ഷ്യ സെക്രട്ടറി അജിത് കുമാർ, സപ്ലൈകോ എംഡി ഡോ. ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ അംഗങ്ങളുമായ സമിതി തയ്യാറാക്കിയ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.സപ്ലൈകോയുടെ വിപണന കേന്ദ്രങ്ങളിൽ സബ്സിഡി സാധനങ്ങളുടെ വില ഓരോ ആറു മാസത്തിലൊരിക്കലും പുനർ നിർണയിക്കണമെന്ന് വ്യവസ്ഥ കൊണ്ടുവരാൻ സാദ്ധ്യതയുണ്ട്.