പാലോട്: പൊലീസ് എക്സൈസ് ഇടപെടലിൽ ഉൾവലിഞ്ഞിരുന്ന ലഹരി മാഫിയ വീണ്ടും സജീവമാകുന്നു. ഗ്രാമീണ മേഖലകളിൽ പൊലീസ് സംഘം നേരിട്ട് അന്വേഷണത്തിന് ഇറങ്ങിയിട്ടും പ്രദേശത്ത് ഇപ്പോഴും ലഹരി സംഘങ്ങളുടെ വിഹാരം തുടരുകയാണ്. നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി കേന്ദ്രങ്ങളിലും സമാന സാഹചര്യമാണുള്ളത്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന ലഹരി ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നത് വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലായതിനാൽ സന്ധ്യ മയങ്ങിയാൽ വഴിയാത്രക്കാർപോലും ഈ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നത് ഭീതിയോടെയാണ്. ആദിവാസി ഗ്രാമീണ മേഖലയുടെ വികസനത്തിനും പുതുതലമുറയുടെ വിദ്യാഭ്യാസത്തിനും വേണ്ടി കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കുമ്പോഴും ലഹരി സംഘങ്ങളുടെ ചൂഷണത്തിനിരയായി ജീവിതം അവസാനിപ്പിക്കുന്ന യുവതീയുവാക്കളുടെ എണ്ണം ആശങ്കാജനകമായി പെരുകുന്നു. നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി കേന്ദ്രങ്ങളിലും ഗ്രാമീണ മേഖലകളിലും സമാന സാഹചര്യമാണുള്ളത്. നിരവധി ബോധവത്കരണ പ്രവർത്തനങ്ങൾ നടന്നെങ്കിലും ലഹരി മാഫിയയെ അമർച്ചചെയ്യാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല.

 ആത്മഹത്യകളും പെരുകുന്നു

പലതരം ചൂഷണങ്ങൾക്ക് ഇരകളായി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്ത പെൺകുട്ടികളുടെ എണ്ണം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനഞ്ചോളം പെൺകുട്ടികൾ മരണപ്പെട്ടതായാണ് പൊലീസ് നൽകുന്ന വിവരം. മാനസിക സംഘർഷങ്ങൾക്ക് അടിപ്പെട്ട് ആത്മഹത്യചെയ്ത സ്‌കൂൾ,കോളേജ് വിദ്യാർത്ഥികളുടെ എണ്ണവും കുറവല്ല. ട്രൈബൽ സെറ്റിൽമെന്റ് കോളനിയിലും പരിസരത്തുമായി നാല് പെൺകുട്ടികൾ ലഹരി സംഘങ്ങളുടെ കെണിയിൽ കുടുങ്ങി ജീവനൊടുക്കിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.

 ലഹരി ഉത്പന്നങ്ങളും സജീവം

നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ മുന്തിയ ഇനം കാറുകളിലും ഇരുചക്രവാഹനങ്ങളിലും എത്തുന്ന സംഘം രാത്രിയിലും പകലും ഒരുപോലെ ഈ പ്രദേശങ്ങളിൽ തമ്പടിച്ച് ലഹരിവസ്തുക്കൾ വില്പന നടത്തുന്നു. ലഹരി ഉത്പന്നങ്ങൾ വില്പന നടത്തുന്ന ഭാഗങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതും വനപ്രദേശവുമായതിനാൽ രാത്രി സമയം ഇത്തരം സംഘങ്ങൾ തിരഞ്ഞെടുക്കുന്നതും ഇവിടെയാണ്. ചില കടകളിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പനയും മദ്യം വില്പനയും തകൃതിയാണ്. നിരവധി തവണ എക്സൈസിൽ നാട്ടുകാർ വിവരം അറിയിച്ചെങ്കിലും അവഗണിക്കുകയാണുണ്ടായത്. ഇതും ലഹരി മാഫിയ ഈ പ്രദേശം കൈയടക്കാനും കാരണമായി. അടിയന്തരമായി പൊലീസിന്റെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 വേണം എക്സൈസ് ഓഫീസ്

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന എ.കെ. ബാലൻ പ്രഖ്യാപിച്ച എക്സൈസ് റേഞ്ച് ഓഫീസും ലഹരി വിമുക്ത കേന്ദ്രവും ഇപ്പോഴും ജലരേഖയായി നിൽക്കുന്നു. ലഹരി ഉപയോഗം കാരണം ആദിവാസി മേഖലകളിൽ ആത്മഹത്യകൾ പെരുകിയതോടെ മന്ത്രി ആദിവാസി ഊരുകൾ സന്ദർശിച്ചപ്പോഴായിരുന്നു പ്രഖ്യാപനം. വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. അടുത്തടുത്ത സമയത്ത് നാല് പെൺകുട്ടികൾ ആത്മഹത്യ ചെയ്തപ്പോൾ വീണ്ടും പ്രഖ്യാപനമെത്തി. പാലോട്ട് എക്സൈസ് ഓഫീസ് ഉടനെന്ന്. അതും പാഴ്വാക്കായി തുടരുന്നു. അഡ്വ.ഡി.കെ.മുരളി എം.എൽ.എ എക്സൈസ് ഓഫീസ് ആവശ്യം നിയമസഭയിൽ ഉന്നയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.

***പ്രതികരണം.. ഇന്ന് യുവജനങ്ങളുടെ ഇടയിലും കുടുംബ ബന്ധങ്ങളിലും പ്രധാന പ്രതിസന്ധിയാകുന്നത് ലഹരി തന്നെയാണ്. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പൊലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെങ്കിലും പരിശോധനകൾ കൂടുതൽ ശക്തമാക്കണം. വിവിധ സംഘടനകളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ ഇത്തരം ലഹരി സംഘങ്ങളെ അമർച്ച ചെയ്യണം.

പി.എസ്.ബാജിലാൽ

വൈസ് പ്രസിഡന്റ്, നന്ദിയോട് ഗ്രാമപഞ്ചായത്ത്