തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യൂസിയം ആർട്സ് സയൻസും ചേർന്ന് 15 മുതൽ ഫെബ്രുവരി 15 വരെ തോന്നയ്‌ക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ അന്താരാഷ്ട്ര സംഗീത ബാൻഡായ ബാനിഹില്ലും കേരളത്തിലെ സംഗീത ഗ്രൂപ്പായ ഊരാളിയും പരിപാടികൾ അവതരിപ്പിക്കും.

കരിങ്കടലിനും കാസ്‌പിയൻ കടലിനുമിടയിൽ അർമേനിയയും അസർബൈജാനും ജോർജിയയും റഷ്യയുടെ ദക്ഷിണ ഭാഗങ്ങളുമെല്ലാം ഉൾപ്പെടുന്ന കൊക്കേഷ്യൻ മേഖലയിൽ നിന്നുള്ളതാണ് ബാനിഹിൽ ബാൻഡ്. ഫെബ്രുവരി 13ന് വൈകിട്ടാണ് ബാനി ഹില്ലിന്റെ ബാൻഡ് ഷോ അരങ്ങേറുന്നത്. ഫെബ്രുവരി 14നാണ് ഊരാളി പാട്ടും പറച്ചിലുമായി ഫെസ്റ്റിവൽ വേദിയിലെത്തുക. ഫെബ്രുവരി 10ന് പിന്നണി ഗായിക സിത്താര കൃഷ്‌ണകുമാർ നയിക്കുന്ന പ്രൊജക്ട് മലബാറിക്കസിന്റെ സംഗീത പരിപാടിയുമുണ്ടാകും.

ഇതിന് പുറമേ പ്രമുഖർ പങ്കെടുക്കുന്ന നൃത്തപരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങിലെത്തുന്നുണ്ട്. കലാ സാംസ്‌കാരിക പരിപാടികൾക്ക് പ്രവേശനം സൗജന്യമാണ്. സൗജന്യമായി ഓൺലൈനിൽ സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.