k-muralidharan

തിരുവനന്തപുരം : കെ.പി.സി.സി അദ്ധ്യക്ഷനും വി.എം സുധീരനും തമ്മിൽ പരസ്യ പോരൊന്നും ഉണ്ടായിട്ടില്ലെന്നും, അദ്ദേഹം തിരികെ വന്നത് നല്ല കാര്യമാണെന്നും കെ. മുരളീധരൻ എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു.

അയോദ്ധ്യ വിഷയത്തിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്ന് ദീപദാസ് മുൻഷി വ്യക്തമാക്കിയിട്ടുണ്ട്. മാർക്‌സിസ്റ്റ് പാർട്ടിയെപ്പോലെ ഭൗതിക വിശ്വാസികൾ മാത്രമുള്ള പാർട്ടിയല്ല കോൺഗ്രസ്. ഇതിൽ എല്ലാ വിശ്വാസികളുമുണ്ട്. എല്ലാവർക്കും സ്വീകാര്യമായ തീരുമാനമായിരിക്കും ഹൈക്കമാൻഡ് എടുക്കുന്നത്. കോൺഗ്രസ്സിന്റെ സാമ്പത്തിക നയത്തെക്കുറിച്ചാണ് രണ്ടാമത് സുധീരൻ പറഞ്ഞത്. അതിൽ നിന്ന് തിരിച്ചുപോകേണ്ട ആവശ്യമില്ല. അഞ്ചലോട്ടക്കാരന്റെ കാലത്തു നിന്ന് ഹൈടെക്ക് യുഗത്തിലേക്ക് എത്തുമ്പോൾ സാമ്പത്തിക നയം പഴയതു വേണമെന്ന് പറയുന്നതിൽ അർത്ഥമില്ല.

കെ.പി.സി.സിയിലെ പല നേതാക്കളും താൻ പണി നിറുത്തിയെന്ന വ്യാജപ്രചാരണം നടത്തിയെന്നെ സുധീരന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് ,രണ്ടാഴ്ച ഒരാളെ കണ്ടില്ലെങ്കിൽ അയാൾ ജീവിച്ചിരിപ്പുണ്ടോയെന്ന് പലരും അന്വേഷിക്കില്ലേയെന്നും, അതിനെ ആ രീതിയിൽ കണ്ടാൽ മതിയെന്നുമായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. അദ്ദേഹം പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത് നല്ല കാര്യമാണ്. അദ്ദേഹത്തെ പോലുള്ളവരുടെ ഉപദേശങ്ങൾ പാർട്ടിക്ക് ആവശ്യമാണെന്നും മുരളീധരൻ പറഞ്ഞു.