തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ പ്രയോജനം എല്ലാവർക്കും ലഭിക്കുന്നതിനായി നടത്തുന്ന വികസിത് ഭാരത് സങ്കല്പ് യാത്രയുടെ നഗരത്തിലെ പര്യടനം ശ്രീകാര്യത്തുനിന്ന് തുടങ്ങി. യൂണിയൻ ബാങ്കിന്റെ ശ്രീകാര്യം ശാഖയിൽ ഇന്നലെ നടന്ന പരിപാടി പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡിഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി ഉദ്ഘാടനം ചെയ്‌തു.

കോർപ്പറേഷൻ പരിധിയിലെ 38 സ്ഥലങ്ങളിലും ആറ്റിങ്ങൽ,വർക്കല,നെയ്യാറ്റിൻകര,നെടുമങ്ങാട് മുനിസിപ്പാലിറ്റികളിലും വികസിത് ഭാരത് സങ്കല്പ് യാത്ര ഈ മാസം പര്യടനം നടത്തും. നെ‌ഹ്‌റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടർ എം.അനിൽകുമാർ, സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ ജോയിന്റ് ഡയറക്ടർ വി.പാർവതി, ലീഡ് ബാങ്ക് മാനേജർ ജയമോഹൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഉപഭോക്താക്കൾക്ക് ഉജ്ജ്വല യോജനയുടെ കീഴിൽ സൗജന്യ ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്‌തു. ഉച്ചയ്ക്ക് ശേഷം പൗഡിക്കോണം സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി വാർഡ് കൗൺസിലർ അർച്ചന മണികണ്ഠൻ ഉദ്ഘാടനം ചെയ്‌തു. ഇന്ന് മണ്ണന്തല,നാലാഞ്ചിറ എന്നിവിടങ്ങളിൽ യാത്ര എത്തും.