തിരുവനന്തപുരം : സാമ്പത്തികരംഗത്ത് കേരളം പുതിയ പന്ഥാവിലെത്തിയത് കെ.കരുണാകരനിലൂടെയാണെന്ന് കെ.മുരളീധരൻ എം.പി.കെ.കരുണാകരൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ കരുണാകരൻ അനുസ്മരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്താൽ മാത്രമാണ് നെടുമ്പാശ്ശേരി വിമാനത്താവളം യാഥാർത്ഥ്യമായത്.എന്നിട്ടും അദ്ദേഹത്തിന്റെ പേര് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് നൽകിയില്ല.രാജൻ കേസിൽ ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാൻ അദ്ദേഹം ശ്രമിച്ചില്ല. അങ്ങനെയൊരാൾ കസ്റ്രഡിയിലില്ലെന്ന് അദ്ദേഹം പറഞ്ഞത് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിനെ തുടർന്നാണ്.കോടതി അങ്ങയെ പ്രതിയാക്കാതെ എന്തിനാണ് രാജിവയ്ക്കുന്നതെന്ന് പലരും ചോദിച്ചിട്ടും ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെട്ടാൽ നാളെ അവർ തന്നെ വിശ്വസിക്കില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.സ്റ്റഡി സെന്റർ വൈസ് ചെയർമാൻ എൻ.പീതാംബരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.നട്ടെല്ലുള്ള ശക്തനായ ഭരണാധികാരിയായിരുന്നു കെ.കരുണാകരനെന്ന് മുൻമന്ത്രി സി.ദിവാകരൻ അഭിപ്രായപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി,വി.എസ്.ശിവകുമാർ,ടി.ശരത് ചന്ദ്രപ്രസാദ്,കെ.മഹേശ്വരൻ നായർ,
ബി.സുഭാഷ്,വി.ബാലകൃഷ്ണൻ,ഇരണിയൽ ശശി എന്നിവർ സംസാരിച്ചു.