ബാലരാമപുരം: ഡി.വൈ.എഫ്.ഐ നരുവാമൂട് യൂണിറ്റ് പ്രസിഡന്റ് അജീഷിനെ (24) ആക്രമിച്ച സംഭവത്തിൽ നാല് പ്രതികൾ നരുവാമൂട് പൊലീസ് പിടിയിൽ. നരുവാമൂട് സ്വദേശികളായ സജു (51), പ്രസാദ് (38), ഷാൻ (33), മുടവൂർപ്പാറ സ്വദേശി പപ്പൻ എന്ന് വിളിക്കുന്ന പത്മകുമാർ (47) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് ഓടെയായിരുന്നു സംഭവം. നരുവാമൂട് ഹോമിയോ ആശുപത്രിക്ക് സമീപം ഡി.വൈ.എഫ്.ഐ പ്രവർത്തകനായ വിഷ്ണുവിന്റെ വീട്ടിൽ നിന്ന് ബൈക്കിന്റെ താക്കോൽ വാങ്ങുന്നതിനായി അജീഷും ഡി.വൈ.എഫ്.ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അരുണും എത്തിയപ്പോൾ രണ്ട് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളും കമ്പി വടികളുമായി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.