പേരൂർക്കട: വ്യാജ ക്യാമ്പ് സംഘടിപ്പിച്ച് രോഗികളിൽ നിന്ന് പണം തട്ടിയയാളെ വട്ടിയൂർക്കാവ് പൊലീസ് പിടികൂടി. പത്തനംതിട്ട തട്ടയിൽ തോപ്പിൽ വീട്ടിൽ മോഹൻദാസാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഡിസംബർ 16നും 17നും സ്റ്റേഷൻ പരിധിയിൽ നെട്ടയത്ത് പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ വച്ചാണ് ഇയാൾ ക്യാമ്പ് സംഘടിപ്പിച്ചത്. പത്രപ്പരസ്യം നൽകി ഓട്ടിസം ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ പഠനവൈകല്യം, ബുദ്ധിമാന്ദ്യം, മാറാരോഗങ്ങൾ എന്നിവ 28 ദിവസം കൊണ്ട് പൂർണമായും മാറുമെന്നും ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചു. ഇപ്രകാരം ക്യാമ്പിനെത്തിയവരിൽ നിന്നാണ് പണം തട്ടിയത്. വ്യാജവാഗ്ദാനമാണെന്ന് മനസിലാക്കിയവർ വട്ടിയൂർക്കാവ് സ്റ്റേഷനിൽ പരാതി നൽകി. വട്ടിയൂർക്കാവ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയത്.