puli

വിതുര: വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടിയിൽ വീണ്ടും പുള്ളിപ്പുലിയിറങ്ങി. പൊന്മുടി ഗവൺമെന്റ് എൽ.പി സ്‌കൂളിനു സമീപത്താണ് ഇന്നലെ രാവിലെ ഏഴരയോടെ സ്‌‌കൂളിലെ പാചകക്കാരി വിജയമ്മ പുലിയെ കണ്ടത്.

കൂറ്റൻ പുള്ളിപ്പുലിയാണിതെന്നും പെട്ടെന്ന് പുലി വനത്തിലേക്ക് ഓടിപ്പോയെന്നും വിജയമ്മ പറയുന്നു. പുലിയെ കണ്ട് ഭയന്നുവിറച്ച വിജയമ്മ അടുത്തുള്ള വീട്ടിൽ അഭയം തേടി. സ്‌കൂളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരുമെത്തുന്നതിന് തൊട്ടുമുമ്പാണ് സംഭവം. പുലിയിറങ്ങിയെന്ന വിവരമറിയിച്ചതിനെ തുടർന്ന് പൊന്മുടി സെക്ഷൻഫോറസ്റ്റ് ഓഫീസർ പ്രദീപും പൊന്മുടി പൊലീസും സ്ഥലത്തെത്തി. പുലി പോയ പ്രദേശത്ത് വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വനപാലകർ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നേരത്തേ പലതവണ പൊന്മുടി സ്‌കൂളിനു മുന്നിൽ പുലിയെത്തിയിട്ടുണ്ട്.

ഒരാഴ്ച മുമ്പ് പൊൻമുടി പൊലീസ് സ്റ്റേഷനു സമീപം പുള്ളിപ്പുലിയെ കണ്ടിരുന്നു. വിതുര നാരകത്തിൻകാലയിൽ പുലിയിറങ്ങി ആടിനെ കടിച്ചുകൊന്ന സംഭവവുമുണ്ടായി. പുലിയുടെ വരവ് സഞ്ചാരികളുടെ എണ്ണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ആദിവാസിമേഖലയായ കല്ലാർമൊട്ടമൂട്, അല്ലത്താര, കൊമ്പ്രാംകല്ല്,ചണ്ണനിരവട്ടം,ചാമക്കര,ചാത്തൻകോട്, നാരകത്തിൻകാല, ജഴ്സിഫാം,പൊടിയക്കാല മേഖലകളിൽ എന്നിവിടങ്ങളിൽ പുലി വളർത്തുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. വിനോദ സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശമുണ്ട്. പൊന്മുടി മേഖലയിൽ ഭീതിപരത്തുന്ന പുലിയെ പിടികൂടാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പൊന്മുടി എസ്റ്റേറ്റ് തൊഴിലാളികൾ ആവശ്യപ്പെട്ടു.