ol

'കഷ്ടകാലം പിടിച്ചവൻ തല മൊട്ടയടിച്ചപ്പോൾ കല്ലു മഴ'പെയ്തെന്നൊരു ചൊല്ലുണ്ട്. മന്ത്രി സജി ചെറിയാന്റെ കാര്യത്തിൽ ഈ ചൊല്ല് അച്ചെട്ടാണ്. എസ്.എഫ് .ഐയുടെ ആലപ്പുഴ ജില്ലയിലെ തീപ്പൊരിയായി തിളങ്ങിയാണ് സജി മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കാറ്രിനനുസരിച്ച് തൂറ്റാൻ നല്ല വശമുള്ളതിനാൽ ആലപ്പുഴ ജില്ലയിലെ സി.പി.എം രാഷ്ട്രീയത്തിൽ തട്ടുംതടവുമൊന്നുമില്ലാതെ യഥാസമയം എത്തേണ്ട സ്ഥാനങ്ങളിലൊക്കെ എത്താനും സജി ചെറിയാന് ദൈവാനുഗ്രഹത്താൽ സാധിച്ചു. ചക്കരയും പീരയുംപോലെ രാഷ്ട്രീയ പ്രവർത്തനവും ജീവകാരുണ്യപ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകുന്ന സജി ചെറിയാന്റെ 'മൊത്തത്തിലുള്ള' ഉയർച്ചയിൽ അസൂയാലുക്കളായ പലരും പലവിധ കുത്തിത്തിരിപ്പ് വർത്തമാനങ്ങൾ പറയാറുണ്ടെങ്കിലും സജി അതൊന്നും കാര്യമാക്കാറില്ല.

സംഘടനാരംഗത്തെ മികവിന്റെ അടിസ്ഥാനത്തിലും നേതൃത്വവുമായുള്ള ഉറച്ച ബന്ധത്തിന്റെ അടിസ്ഥാനത്തിലും സ്വന്തം തട്ടകമായ ചെങ്ങന്നൂർ അസംബ്ളി മണ്ഡലത്തിൽ 2006ൽ പാർട്ടി സീറ്റും നൽകി. പക്ഷെ ദോഷൈകദൃക്കുകളും അസൂയാലുക്കളുമായ ചെങ്ങന്നൂരുകാർ 'വരുത്ത'നായ പി.സി.വിഷ്ണുനാഥിനെയാണ് ജയിപ്പിച്ച് വിട്ടത്. അതോടെ സജി സജീവ സംഘടനാ പ്രവർത്തനത്തിലേക്ക് തിരിഞ്ഞു. ആലപ്പുഴ സി.പി.എമ്മിന്റെ സർവാധികാരക്കാരനായിരുന്ന സരസകവി ജി.സുധാകരന്റെ സർവവിധ അനുഗ്രഹാശിസുകളും വേണ്ടുവോളം സിദ്ധിച്ചിരുന്നതിനാൽ വലിയ രാഷ്ട്രീയ അഭ്യാസങ്ങളൊന്നും കൂടാതെ തന്നെ ജില്ലാ സെക്രട്ടറി പദവിലുമെത്തി. അങ്ങനെ സുഗമമായി കാര്യങ്ങൾ നീങ്ങുമ്പോഴാണ് 2018ൽ രാമചന്ദ്രൻ നായരുടെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് ചെങ്ങന്നൂർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. സജി വീണ്ടും സ്ഥാനാർത്ഥിയായി. ഇക്കുറി ചെങ്ങന്നൂർകാർ ആഞ്ഞുകുത്തി സജിയെ ജയിപ്പിച്ചു. മാനസഗുരുവായ ജിയെ വണങ്ങി നിയമസഭയിൽ കാലെടുത്തുവച്ചു. തെറ്റില്ലാത്ത പ്രകടനം നിയമസഭയിൽ കാഴ്ചവയ്ക്കാനുമായി. അങ്ങനെയിരിക്കെയാണ് 2018 -ജൂലായിലെ മഹാപ്രളയം. അന്തംവിട്ടനിലിയൽ പ്രളയജലം നാടിനെ മുക്കിയപ്പോൾ സജിചെറിയാൻ 'ഒന്നുറക്കെ' നിലവിളിച്ചു. നാട്ടുകാരെ രക്ഷിക്കാൻ വേണ്ടി ഉത്തരവാദപ്പെട്ട ജനപ്രതിനിധി നടത്തിയ ആ നിലവിളി, ഒരു ഒന്നൊന്നര നിലവിളിയായിപ്പോയി. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ നടത്തിയ നിലിവിളിയുടെ ആത്മാർത്ഥത മനസിലാക്കാതെ, കുറെ വിവരദോഷികൾ പിന്നീട് അതിനെയും പരിഹാസമാക്കി. ചില കാര്യങ്ങൾ പറയുമ്പോൾ, 'സജിചെറിയാന്റെ നിലവിളി 'പോലെ എന്നൊരു പ്രയോഗവും ചെങ്ങന്നൂരിൽ നിലവിൽ വന്നു. പക്ഷെ അതും സജി ചെറിയാൻ കാര്യമാക്കിയില്ല.

'ഊണിന് മുമ്പേ, ചൂട്ടിന് പിമ്പേ എന്ന സിദ്ധാന്തം രാഷ്ട്രീയത്തിൽ ഏറ്രവും പ്രസക്തമെന്ന് തിരിച്ചറിഞ്ഞ സജി ചെറിയാൻ, ദീർഘവീക്ഷണമുള്ള രാഷ്ട്രീയ സന്യാസിയായി മാറിയത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. 55 വയസ് കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് മത്സര രംഗത്തു നിന്ന് പിന്മാറണമെന്ന അതിവിശിഷ്ടമായ ആഹ്വാനമാണ് അദ്ദേഹം നടത്തിയത്. 1965 മെയ് 28ന് ജനിച്ച അദ്ദേഹത്തിന് ഈ ഉൾപ്രേരണ എങ്ങനെയുണ്ടായെന്നറിയില്ല. ഏതായാലും 2021ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം സ്ഥാനാർത്ഥിയാവുകയും രാഷ്ട്രീയഗുരു ജി.സുധാകരൻ കളത്തിന് പുറത്താകുകയും ചെയ്തു. പ്രവർത്തനമല്ല, പ്രായമാണ് സുധാകരന് വീണ്ടും മത്സരിക്കുന്നതിന് വിലങ്ങായത്. സി.പി.എം അല്ലെങ്കിലും അങ്ങനെയാണ്, നിലപാടെടുത്താൽ മാറ്റില്ല, കഴിഞ്ഞ സർക്കാരിന്റെ മുഖമായി പരിലസിച്ച ജി.സുധാകരനെയോ കെ.കെ.ശൈലജയെയോ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് അവരുടെ ആർജ്ജവമാണ്. പക്ഷെ ഗുരുശാപം പരിഹാരമില്ലാത്തതാണെന്നാണ് വിശ്വാസം. കാവ്യരചന നടത്തുന്നതിൽ സാക്ഷാൽ ടി.പത്മനാഭന്റെ പോലും പ്രശംസയ്ക്ക് പാത്രീഭൂതനായിട്ടുള്ള ജി.സുധാകരൻ കവിയും ഉത്തമനായ കമ്യൂണിസ്റ്രുമാണെന്നകാര്യത്തിൽ ആരും തർക്കിക്കില്ല. പൊതുമരാമത്ത് പോലെ ഒരു വകുപ്പ് അഞ്ച് വർഷം തീർത്തു ഭരിച്ചിട്ടും കുളമായ റോഡുകൾ ഗതാഗത യോഗ്യമാക്കാൻ ഉദ്യോഗസ്ഥ പ്രഭുക്കന്മാരെയും കരാർ മാഫിയയെയും കണ്ണുരുട്ടി വരച്ച വരയിൽ നിറുത്തിയിട്ടും അഴിമതിയുടെ വാളോങ്ങി അദ്ദേഹത്തെ ആക്രമിക്കാൻ ആരും തുനിയാത്തത് , മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ മടിയിലെ കനക്കുറവ് കാരണമാവാം. ഏതായാലും ആലപ്പുഴയിൽ നിന്ന് മത്സരിക്കാത്ത സുധാകരന് പകരം സജിചെറിയാനാണ് മന്ത്രിയായത്. പി.പി ചിത്തരഞ്ജൻ മന്ത്രിക്കസേര ഒരുപാട് സ്വപ്നം കണ്ടെങ്കിലും അത് കാലില്ലാ കസേരയായി

മന്ത്രിക്കസേരയിൽ ഇരിപ്പുറപ്പിക്കും മുമ്പാണ് കണ്ടകശനിയുടെ ബാധ സജിയെ പിടികൂടിയത്. മല്ലപ്പള്ളിയിൽ ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുമ്പോഴാണ് വികട സരസ്വതി അദ്ദേഹത്തിന്റെ നാവിൻതുമ്പിൽ ഭരതനാട്യം നടത്തിയത്. എന്തൊക്കെയോ വിളിച്ചു പറഞ്ഞു. ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരിൽ മന്ത്രി സ്ഥാനം രാജി വയ്ക്കുന്നതിലാണ് കാര്യങ്ങൾ അവസാനിച്ചത്. കോടതിയും നിയമപ്രശ്നങ്ങളുമായി സ്റ്റേറ്റ് കാറും പൊലീസ് അകമ്പടിയുമില്ലാതെ കുറെ മാസങ്ങൾ കടന്നുപോയി. ഒരുവിധത്തിൽ നിയമപരമായ നൂലാമാലകൾ ഒഴിവാക്കി വീണ്ടും മന്ത്രിസഭയിൽ തിരിച്ചെത്തി. പൊട്ടും പൊലിപ്പുമില്ലാതെ അങ്ങനെ പോവുമ്പോഴാണ് ആലപ്പുഴയിൽ പുന്നപ്ര വടക്ക് സി.പി.എം ലോക്കൽ കമ്മിറ്രി ഓഫീസ് ഉദ്ഘാടനത്തിന് സജി എത്തിയത്. ഉദ്ഘാടന ചടങ്ങിൽ വായ്ക്ക് രുചിയായിട്ട് രണ്ട് വാക്ക് പ്രസംഗിക്കാൻ സൗകര്യം കിട്ടി. ഈ രുചികരമായ പ്രസംഗം നീണ്ടപ്പോഴാണ് അത്ര സുഖകരമല്ലാത്ത ചില പ്രയോഗങ്ങൾ കടന്ന് വന്നത്.

ക്രിസ്മസ് പ്രമാണിച്ച് പ്രധാനമന്ത്രി വിളിച്ച സമ്മേളനത്തിൽ സഭാ മേലദ്ധ്യക്ഷന്മാർ പങ്കെടുത്തതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സജി നടത്തിയ പ്രസംഗം പക്ഷെ അൽപ്പം അതിര് വിട്ടു. ബി.ജെ.പി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും അവർ നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നുവെന്നുമൊക്കെ അങ്ങു തട്ടിവിട്ടു. ബി.ജെ.പിയുടെ വിരുന്നിനുപോയ ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവർക്ക് അതൊരു വിഷയമായില്ലെന്നും കൂടി അനുബന്ധമായി പറഞ്ഞു. പാവം സജിയെ കുത്തിനോവിക്കാൻ തക്കം പാർക്കുന്നവർക്ക് ഇത്രയുമൊക്കെ മതിയല്ലോ. അവർ പ്രസംഗത്തിന് നല്ല പ്രചാരം കൊടുത്തു. സഭാ മേലദ്ധ്യക്ഷന്മാർ കൃത്യമായ പ്രതികരണവുമായെത്തി. ഇതെല്ലാം കണ്ടതോടെ പാർട്ടി താത്വികാചാര്യൻ ഗോവിന്ദൻമാസ്റ്റർ അച്ചടിഭാഷയിൽ സജിയെ തള്ളിപ്പറഞ്ഞു. ഇത്രയൊക്കെ ആയപ്പോഴാണ് പണി പാലുംവെള്ളത്തിൽ കിട്ടിയത് സജിചെറിയാന് ബോദ്ധ്യമായത്. പിന്നൊന്നുമാലോചിച്ചില്ല, വാർത്താ സമ്മേളനം വിളിച്ചു, വൈനും കേക്കും രോമാഞ്ചവുമൊക്കെ നിരുപാധികം പിൻവലിച്ചു. പക്ഷെ അങ്കക്കലിയിൽ നിന്ന സഭാ മേലദ്ധ്യക്ഷന്മാർ ഇതെല്ലാം സ്വീകരിച്ചോ എന്നറിയില്ല.

ഇതുകൂടി കേൾക്കണേ

മൂന്നക്ഷരം എന്നത് പ്രധാനമാണ്. അത് മറക്കുമ്പോൾ തുടങ്ങും നമ്മുടെ അസ്ഥിവാരമിളകൽ.കൈവിട്ട ആയുധവും കൈവിട്ട വാക്കും ഒരുപോലാണ്.