
കല്ലമ്പലം: നാവായിക്കുളം ശ്രീശങ്കരനാരായണ സ്വാമി ക്ഷേത്ര ആറാട്ട് കുളമായ വലിയ കുളത്തിൽ 21 കാരൻ മുങ്ങി മരിച്ച നിലയിൽ. നാവായിക്കുളം രാധാകൃഷ്ണ വിലാസത്തിൽ ഗിരീഷ് കുമാർ - ലേഖ ദമ്പതികളുടെ മകൻ അജയകൃഷ്‌ണൻ (21) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 3 മണിയോടെ അജയകൃഷ്ണന്റെ അച്ഛനായ ഗിരീഷ്‌കുമാർ കട നടത്തുകയാണ്. കടയിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാനായി എന്നും വെളുപ്പിന് പോകും. പതിവുപോലെ പോകാനായി ഒരുങ്ങുമ്പോഴാണ് അടുക്കള വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതും മകൻ വീട്ടിൽ ഇല്ലെന്ന് മനസിലായതും. തുടർന്നുള്ള അന്വേഷണത്തിൽ മകൻ എഴുതി വച്ച കുറുപ്പും ലഭിച്ചു എന്നെ കാണണമെങ്കിൽ അച്ഛൻ കുളത്തിനടുത്തേയ്ക്ക് വരണമെന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്.
ഉടൻതന്നെ കുളത്തിന് സമീപമെത്തിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല. ശേഷം നേരിട്ട് കല്ലമ്പലം ഫയർ ഫോഴ്‌സ് ഓഫീസിലെത്തി മകനെ കാണാനില്ലെന്നുള്ള വിവരവും അജയകൃഷ്‌ണൻ എഴുതിയ കുറിപ്പും കാണിച്ചു. തുടർന്ന് സ്റ്റേഷൻ ഓഫീസർ അഖിൽ എസ്.ബിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അരവിന്ദൻ. എം, മിഥേഷ്.എസ്, അന്ദു. ആർ, നിഷാന്ത്. ഡി.എൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വിനീഷ് കുമാർ.എസ്, ഹോം ഗാർഡുമാരായ ജചന്ദ്രൻ. ജി, മുരളീധരൻ പിള്ള എം.എസ് എന്നിവരടങ്ങിയ സംഘം നടത്തിയ തിരച്ചിലിൽ അജയകൃഷ്‌ണന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അജയ കൃഷ്‌ണൻ ആറ്റിങ്ങലിൽ പഞ്ചവാദ്യം അഭ്യസിച്ചു വരികയായിരുന്നു. അഞ്ജു കൃഷ്ണയാണ് സഹോദരി. അജയകൃഷ്ണൻ എഴുതിയ ആത്മഹത്യാക്കുറിപ്പ് വിശദമായി അന്വേഷിക്കുമെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു.