
കേരളത്തിൽ ആദ്യ മെട്രോ ആശയം മുളച്ചത് തിരുവനന്തപുരത്താണ്. തലസ്ഥാന നഗരിക്കൊപ്പം കോഴിക്കോട്ടും മെട്രോ റെയിലിനുള്ള പദ്ധതിക്കു രൂപം നൽകിയിരുന്നു. ഇതിനൊക്കെ ശേഷമാണ് കൊച്ചിയിൽ സംസ്ഥാനത്തെ ആദ്യ മെട്രോ പിറവിയെടുത്തത്. ഡി.എം.ആർ.സിയുടെ നേതൃത്വത്തിൽ മെട്രോമാൻ ഇ. ശ്രീധരന്റെ നേരിട്ടുള്ള ചുമതലയിൽ കൊച്ചി മെട്രോ റെക്കാഡ് സമയത്തിനുള്ളിൽ പൂർത്തിയാവുകയും ചെയ്തു. നഗര ഗതാഗതത്തിൽ പുതിയൊരു യാത്രാ അനുഭവമാണ് അത് മുന്നോട്ടുവച്ചത്. കൊച്ചിയിൽ മെട്രോ ഓടിത്തുടങ്ങിയിട്ട് ആറുവർഷം കഴിഞ്ഞു. സ്റ്റേഷനുകളും യാത്രക്കാരും ആദ്യ വർഷങ്ങളിൽ കുറവായിരുന്നു. അതുകൊണ്ടുതന്നെ വരുമാനവും പ്രതീക്ഷിച്ചത്ര നിലയിൽ ഉയർന്നില്ല. എന്നാൽ മാസങ്ങൾ പോകവെ ഏറ്റവും സ്വീകാര്യതയുള്ള പൊതുഗതാഗത സംവിധാനമായി മെട്രോ മാറിയെന്നതാണ് ചരിത്രം. ആറുവർഷം കൊണ്ട് പത്തുകോടി ആൾക്കാരാണ് കൊച്ചി മെട്രോയിൽ യാത്രക്കാരായത്. ദിവസേന ഇപ്പോൾ ഒരു ലക്ഷത്തോടടുത്താണ് മെട്രോയിലെ യാത്രക്കാർ. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ കൊച്ചി നഗരത്തിൽ മെട്രോ സാന്നിദ്ധ്യം ജനങ്ങൾക്ക് വലിയ അനുഗ്രഹമായി മാറിക്കഴിഞ്ഞു.
കൊച്ചി മെട്രോയെക്കുറിച്ച് ഇപ്പോൾ പറയാൻ കാരണം തിരുവനന്തപുരത്തിന്റെ മെട്രോ സ്വപ്നം ഇനിയും പൂവണിയാതിരിക്കുന്നതു കാണേണ്ടി വന്നതിനാലാണ്. ഒട്ടനവധി തവണ റിപ്പോർട്ടുകൾ തയ്യാറാക്കുകയും അനുമതിയായെന്നു കേൾക്കുകയും ചെയ്തതാണ്. കോച്ചുകൾക്കുള്ള ഓർഡർ വരെ നൽകിയതായും ഒരിടയ്ക്കു വാർത്ത വന്നിരുന്നു. പള്ളിപ്പുറം മുതൽ കരമന വരെ ആദ്യഘട്ടം പൂർത്തിയാക്കാൻ 4673 കോടി രൂപയുടെ എസ്റ്റിമേറ്റാണു തയ്യാറാക്കിയത്. കടലാസ് വിട്ട് പദ്ധതി പ്രയോഗതലത്തിൽ എത്തിയില്ലെന്നു മാത്രം. നമ്മുടെ ആസൂത്രണ വിദഗ്ദ്ധന്മാരുടെ ഏറ്റവും വലിയ ദോഷം ഭാവിയിലേക്ക് അവരുടെ കണ്ണുകൾ ഒരിക്കലും നീണ്ട് എത്തുന്നില്ലെന്നതാണ്. ഈ ഹ്രസ്വ വീക്ഷണമാണ് സംസ്ഥാനത്തെവിടെയും വളർച്ച മന്ദഗതിയിലാകാൻ കാരണം. ഏറെ സാദ്ധ്യതകൾ തുറന്നിടുന്ന ഒരു പദ്ധതിയെക്കുറിച്ച് ആശയം രൂപമെടുത്താൽ എത്രയും വേഗം അത് നടപ്പിലാക്കാൻ കഴിയണം. അതിന്റെ പുറത്ത് പതിറ്റാണ്ടുകൾ അടയിരിക്കുന്നതല്ല ഉത്തമമായ ഭരണ നിർവഹണ ശൈലി.
തിരുവനന്തപുരം മെട്രോ പദ്ധതി ഏറെനാളായി കോൾഡ് സ്റ്റോറേജിലാണെങ്കിലും വിമാനത്താവളം ഉൾപ്പെടുത്തി പുതുക്കിയ ഒരു പദ്ധതി സംബന്ധിച്ച് ആലോചന നടക്കുന്നതായ വാർത്ത പ്രതീക്ഷ പകരുന്നതാണ്. ആദ്യ പദ്ധതിയിൽ പള്ളിപ്പുറത്തു നിന്നു തുടങ്ങി കാര്യവട്ടം, ശ്രീകാര്യം, കേശവദാസപുരം, പട്ടം, സെക്രട്ടേറിയറ്റ്, തമ്പാനൂർ വഴി കരമനയിൽ അവസാനിക്കും വിധത്തിലാണ് പ്ളാൻ ചെയ്തിരുന്നത്. കാലക്രമേണ അത് നെയ്യാറ്റിൻകര വരെ ദീർഘിപ്പിക്കാനും വിഭാവനം ചെയ്തിരുന്നു. ഇപ്പോഴത്തെ പുതിയ പദ്ധതി പ്രകാരം തിരുവനന്തപുരം വിമാനത്താവളത്തെക്കൂടി ഉൾപ്പെടുത്തിയുള്ള പദ്ധതി രേഖയാണ് തയ്യാറാക്കിയിരിക്കുന്നത്. വിമാനത്താവളത്തിലെത്തുന്നവർക്ക് വേഗത്തിൽ തമ്പാനൂരിലുള്ള ബസ് സ്റ്റേഷനിലും റെയിൽവേ സ്റ്റേഷനിലും എത്താനുള്ള സൗകര്യം കണക്കിലെടുത്താണ് ഈ മാറ്റം. ഈ മാസം 15-ന് പുതിയ പദ്ധതി രേഖ കൈമാറുമെന്നാണ് കൊച്ചി മെട്രോ എം.ഡി ലോക്‌നാഥ് ബഹ്‌റ മൂന്നുദിവസം മുമ്പ് അറിയിച്ചത്. രണ്ടുവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് വാഗ്ദാനം. രാജ്യത്ത് അൻപതു നഗരങ്ങളിൽക്കൂടി മെട്രോ നടപ്പിലാക്കാനുള്ള ഒരു വമ്പൻ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന തലസ്ഥാനമെന്ന പരിഗണനയിൽ തിരുവനന്തപുരത്തിനും അതിന്റെ ഭാഗമാകാൻ കഴിയേണ്ടതാണ്. ജനപ്രതിനിധികളും സർക്കാരും ഒത്തുപിടിച്ചാൽ തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യമാകുകതന്നെ ചെയ്യും.
പൊതുഗതാഗത സംവിധാനങ്ങൾ വികസിപ്പിച്ചാൽ പൊതുനിരത്തുകളിൽ സ്വകാര്യ വാഹനങ്ങളുടെ പെരുപ്പം ഗണ്യമായി കുറയ്ക്കാനാകും. മെട്രോ പോലുള്ള സംവിധാനങ്ങളുടെ ഏറ്റവും വലിയ ഗുണം യാത്രക്കാർക്ക് ഏത് അവസരങ്ങളിലും പൂർണമായും അതിനെ ആശ്രയിക്കാമെന്നതാണ്. കൃത്യമായ ഇടവേളകളിൽ എത്തുന്ന മെട്രോ ട്രെയിനുകൾ എവിടെയും യാത്രക്കാരുടെ വിശ്വസ്ത യാത്രാമാർഗമായിക്കഴിഞ്ഞു. ഇതിനിടെ കഴക്കൂട്ടം - കാരോട് ബൈാപാസിന്റെ മീഡിയൻ പ്രയോജനപ്പെടുത്തി മെട്രോ ലൈൻ നിർമ്മിക്കാനുള്ള സാദ്ധ്യതകളെക്കുറിച്ചും ചിന്ത ഉയരുന്നുണ്ട്. റോഡ് നിർമ്മാണവേളയിൽത്തന്നെ എളുപ്പം നടപ്പിലാക്കാമായിരുന്ന കാര്യമായിരുന്നു ഇത്. വൈകിയാണെങ്കിലും ആലോചനയുമായി മുന്നോട്ടു പോകാവുന്നതാണ്.