 
തിരുവനന്തപുരം: സഹകരണ വായ്പാമേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കാൻ നിക്ഷേപ സമാഹരണ യജ്ഞം ജനുവരി 10 മുതൽ ഫെബ്രുവരി 10 വരെ നടക്കും. 9,000ത്തിലധികം കോടി രൂപയാണ് യജ്ഞത്തിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. നിക്ഷേപ സമാഹരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 10ന് രാവിലെ 11ന് ജവഹർ സഹകരണ ഭവനിൽ മന്ത്രി വാസവൻ നിർവഹിക്കും.
പ്രാഥമിക സഹകരണ ബാങ്കുകൾ (7250 കോടി രൂപ), കേരള ബാങ്ക് (1,750 കോടി രൂപ), സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്ക് (150 കോടി രൂപ) എന്നിങ്ങനെ 9,150 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് എന്നീ വിഭാഗത്തിലായിരിക്കണം. ഓരോ ജില്ലയും സമാഹരിക്കേണ്ട നിക്ഷേപ ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. മലപ്പുറത്തുനിന്നാണ് കൂടുതൽ നിക്ഷേപം ലക്ഷ്യമിടുന്നത് (900 കോടി രൂപ), കോഴിക്കോടാണ് രണ്ടാമത് (800 കോടി രൂപ).
യുവതലമുറയെ സഹകരണ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുക, ഒരു വീട്ടിൽ ഒരു സഹകരണ ബാങ്ക് അക്കൗണ്ട് എന്നിവയും 44ാമത് നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ലക്ഷ്യങ്ങളാണ്.