തിരുവനന്തപുരം: നഗരസഭാ പരിധിയിലെ വിവിധ ഇനത്തിൽപ്പെട്ട കെട്ടിടങ്ങളുടെ വസ്‌തുനികുതി കൃത്യസമയത്ത് പിരിച്ചെടുക്കാത്തതിനാൽ എട്ടുകോടി രൂപ നഷ്ടപ്പെട്ടതായി ലോക്കൽ ഫണ്ട് ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തി. 2022-23 വർഷം ഈ ഇനത്തിൽ പിരിച്ചെടുക്കാനുള്ള 14.88 കോടി രൂപയിൽ 8.26 കോടി രൂപയാണ് നഷ്ടമായത്.
വട്ടിയൂർക്കാവ് മേഖലാഓഫീസിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്ന് കോർപ്പറേഷൻ പിരിച്ചെടുക്കാനുള്ളത് 17.65 ലക്ഷം രൂപയാണ്. സർക്കാർ സ്ഥാപനങ്ങൾ,സഹകരണ സ്ഥാപനങ്ങൾ,വ്യവസായ സ്ഥാപനങ്ങൾ,മൊബൈൽ ടവറുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.
വീഴ്‌ചകൾ മാത്രം
നഗരസഭയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ ഷോപ്പിംഗ് കോംപ്ലക്‌സുകളുടെയും കടമുറികളുടെയും വാടക പിരിച്ചെടുക്കുന്നതിൽ വീഴ്‌ചയുണ്ടെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി. വാടകയിനത്തിൽ 99 ലക്ഷം രൂപയുടെ കുടിശ്ശികയുണ്ട്.
ഓൺലൈൻ സംവിധാനം
പണിമുടക്കി
ശ്രീകാര്യം മേഖലാഓഫീസിലെ വസ്‌തുനികുതി രസീതുകൾ പലതും ഓൺലൈൻ സോഫ്റ്റ്‌വെയറായ സഞ്ചയയിൽ കൃത്യമായി പോസ്റ്റ് ചെയ്‌തിട്ടില്ലെന്ന് ഓഡിറ്റ് പരിശോധനയിൽ വ്യക്തമായി. അടച്ച നികുതി സോഫ്റ്റ്‌വെയറിൽ വരാത്തത് മുമ്പ് വലിയ വിവാദമായിരുന്നു.
ക്രിക്കറ്റ് മത്സരത്തിന്റെ
നികുതി എങ്ങോട്ടുപോയി ?
2019 ഫെബ്രുവരിയിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ വിറ്റഴിച്ച ടിക്കറ്റിന്റെ വിനോദ നികുതിയിൽ ഇതുവരെ തീരുമാനമായില്ല. 24 ശതമാനം വിനോദ നികുതിയായ 66.44 ലക്ഷം രൂപയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ കോർപ്പറേഷന് അടയ്‌ക്കേണ്ടത്. 2023 മാർച്ചിൽ റവന്യു റിക്കവറി ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ വിനോദ നികുതി ഇളവുചെയ്‌ത് നൽകണമെന്ന് തദ്ദേശവകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നാണ് നഗരസഭയുടെ നോട്ടീസിന് കെ.സി.എ മറുപടി നൽകിയത്. എന്നാൽ വിനോദനികുതി ഒഴിവാക്കിയതായുള്ള ഉത്തരവ് നഗരസഭയ്‌ക്ക് കിട്ടിയിട്ടില്ല. കാര്യവട്ടം സ്റ്റേഡിയത്തിലെ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനും സർക്കാർ വിനോദനികുതി ഒഴിവാക്കിയിട്ടില്ലെന്നും ഓഡിറ്റ് ചൂണ്ടിക്കാട്ടുന്നു. ഈ നികുതി പിരിച്ചെടുക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം.