
ആരോ മൃദുഷ്മളം കൈകളാൽ പ്രേമാർദ്ര -
മാരോമൽ മേനി പുൽകുമ്പോൾ
ആപാദചൂഡം വിറച്ചു പുളകിതം
ആ നിശാഗന്ധിതൻ ദേഹം
എത്രനാൾ കാത്തിരുന്നോരു തേൻവണ്ടിന്റെ
തപ്തമാമാലിംഗനത്താൽ
സ്നിഗ്ധം സുരഭിലം കോരിത്തരിച്ചുപോയ്
മുഗ്ധലജ്ജാലോലഗാത്രം
വാനത്തെ ചാരിയാ വാർതിങ്ക -
ളാരെയിന്നോർത്തു നിൽക്കുന്നു?
മാകന്ദബാണൻ കരിമ്പുവില്ലും കുല -
ച്ചേതു നെഞ്ചം പിളർക്കുന്നു?
ആരോ തളിർവിരൽത്തുമ്പിനാലാദ്യമായ്
ആരോമൽമെയ് തലോടുമ്പോൾ
ആപാദചൂഡം തുടിപ്പൂ തരളിതം
ആ നിശാപുഷ്പദലങ്ങൾ
മൃൺമയകളേബരം നോവുമാത്മാവിന്റെ -
യുൺമ തേടിക്കൊഴിഞ്ഞാലും
ജന്മസാഫല്യമേകട്ടെയാപ്പൂവിന്നു
നിൻ രാഗമാം ഹൈമവർഷം