ui

ഉദിയൻകുളങ്ങര: പരാതികൾ കേട്ടുമടുത്ത മാരായമുട്ടം പൊലീസ് സ്റ്റേഷനും പറയാനുണ്ട് പരാതികൾ. അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്തതിന്റെ ഗതികേടിലാണ് ഇവിടുത്തെ പൊലീസുകാർ. വാടക കെട്ടിടത്തിലാണ് സ്റ്റേഷന്റെ പ്രവർത്തനം. ഈ കെട്ടിടവും അസൗകര്യങ്ങളുടെ നടുവിലായിട്ടും സ്വന്തമായി കെട്ടിടം നിർമ്മിച്ചുനൽകാൻ അധികൃതർ തയാറായിട്ടില്ല. സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ പെരുങ്കടവിള പഞ്ചായത്ത് ഖാദി ബോർഡിന് കീഴിൽ സ്ഥലം കണ്ടെത്തിയെങ്കിലും ഈ സ്ഥലത്തിനുമേൽ നിലനിൽക്കുന്ന വായ്പാകുടിശ്ശിക കെട്ടിട നിർമ്മാണത്തിന് വിലങ്ങുതടിയായി മാറുകയാണ്.


 സ്റ്റേഷൻ ആരംഭിക്കുന്നത്........ 2014ൽ

 പ്രവർത്തനം ........ പെരുങ്കടവിള പഞ്ചായത്തിൽ
 അധികാരപരിധി............. പെരുങ്കടവിള, കുന്നത്തുകാൽ, കൊല്ലയിൽ പഞ്ചായത്തുകളും നെയ്യാറ്റിൻകര നഗരസഭയുടെ നാലു വാർഡുകളും

 പരാധീനതകൾ മാത്രം

ഇൻസ്പെക്ടർ, എസ്.എച്ച്.ഒ. ഉൾപ്പെടെ 30 ഓളം പൊലീസുകാരുള്ള സ്റ്റേഷനിൽ സ്ഥല സൗകര്യമില്ലാത്തതിനാൽ ഈ കെട്ടിടത്തിൽ ഫ്രണ്ട് ഓഫീസും സ്റ്റേഷൻ ഓഫീസർക്കും പ്രത്യേക മുറികളില്ല. ഇൻസ്പെക്ടർക്കും, എസ്.എച്ച്.ഒയും പൊലീസുകാരോടൊപ്പമാണ് ഇരിപ്പിടം. പരാതിയുമായി എത്തുന്ന അമ്മമാർക്കും വയോധികർക്കും ഗർഭിണികൾക്കും ഇരിക്കാൻ പോലും സൗകര്യമില്ല. ഇവിടെ അഞ്ചോളം വനിതാ ഉദ്യോഗസ്ഥരാണ് നിലവിലുള്ളത് ഇവർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും സ്ഥലമില്ല. ടാർപോളിൻ മറച്ചാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശ്രമസ്ഥലം.

തലവേദനയായി വായ്പ

മാരായമുട്ടം കവലയിൽ ഖാദി ബോർഡിന്റെ നിർമ്മാണ യൂണിറ്റ് പ്രവർത്തിച്ച 26 സെന്റ് വസ്തു നിലവിലുണ്ട്. ഇത് പണയപ്പെടുത്തി സൊസൈറ്റിയെടുത്ത വായ്പാ കുടിശ്ശിക ഇപ്പോഴും നിലവിലുണ്ട് . ഇതിന്റെ വായ്പ തീർത്തു നൽകാനായി പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി സർക്കാരിനു കൈമാറിയെങ്കിലും അനുകൂല നടപടി ഉണ്ടായതേയില്ല. ഇതിനു മൂന്നു കിലോമീറ്റർ മാറി തത്തിയൂർ എന്ന സ്ഥലത്ത് പൊലീസ് സ്റ്റേഷനു വേണ്ടി സ്ഥലം കണ്ടെത്തിയെങ്കിലും മാരായമുട്ടത്തു നിന്നും ഏറെ മാറി വരുന്നതിനാൽ ആ ശ്രമവും അധികൃതർ ഉപേക്ഷിച്ചു.

 റോഡ് കൈയേറി തൊണ്ടി വാഹനം

ഈ കെട്ടിടത്തിന് മുറ്റം കുറവായതിനാൽ റോഡിലാണ് പൊലീസ് ജീപ്പ് പാർക്ക് ചെയ്യുന്നത്.

ഇവിടെ തൊണ്ടിവാഹനങ്ങൾ സ്റ്റേഷൻ കെട്ടിടത്തിനു സമീപമുള്ള ഇടവഴിക്ക് സമീപം കൊണ്ടിട്ടിരിക്കുന്നത് ഈ പ്രദേശത്തെ നാട്ടുകാരെയും ബുദ്ധിമുട്ടിലാക്കുന്നു. സ്റ്റേഷനിൽ ഏറെ തിരക്കുള്ള ദിവസങ്ങളിൽ ഇതുവഴിയുള്ള വാഹനയാത്രയും ഏറെബുദ്ധിമുട്ടുണ്ടാക്കുന്നു.