
ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ മണികിലുക്കത്തിൽ മലയാള സിനിമ
ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ സമ്പന്നതയുടെ ആഘോഷം തീർക്കുന്നതാണ് മലയാള സിനിമയുടെ 2024. പോയവർഷത്തേക്കാൾ കൂടുതൽ പരിതാപകരമാകും ചെറിയ ചിത്രങ്ങളുടെ സ്ഥിതി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മാത്രമല്ല സുരേഷ് ഗോപിയുടെയും കുഞ്ചാക്കോ ബോബന്റെയും പൃഥ്വിരാജിന്റെയും ഫഹദ് ഫാസിലിന്റെയും ടൊവിനോ തോമസിന്റെയും ആസിഫ് അലിയുടെയും വമ്പൻ ചിത്രങ്ങൾ ആണ് കളത്തിലിറങ്ങുന്നത്.
അതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം താരമൂല്യം കൂടുതൽ തിളങ്ങുമെന്ന് ഉറപ്പാണ്. 2023ലും കാലിടറാതെ നിന്ന മമ്മൂട്ടിയും മോഹൻലാലും പുതിയ വർഷം ആരാധകർക്ക് മാനംമുട്ടെ പ്രതീക്ഷ നൽകുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം സിനിമയിൽ രൂപത്തിലും ഭാവത്തിലും മമ്മൂട്ടി തീർത്തും വ്യത്യസ്തനാകുന്നു. മമ്മൂട്ടി പ്രതിനായക വേഷത്തിൽ പേടിപ്പെടുത്താൻ എത്തുന്നു എന്നാണ് റിപ്പോർട്ട്. പുതുവർഷത്തിൽ റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് ഭ്രമയുഗം. 
മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്ന ടർബോ  ബ്രഹ്മാണ്ഡ ചിത്രമായാണ് ഒരുങ്ങുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ടർബോയെ വൻതാരനിര കൂടുതൽ സമ്പന്നമാക്കുന്നു. 
നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക ആണ് മമ്മൂട്ടിയുടെ മറ്റൊരു ഇടിവെട്ട് ചിത്രം. സ്റ്രൈലിഷ് ലുക്കിലാണ് മമ്മൂട്ടി കഥാപാത്രം എത്തുന്നത്.
ജയറാം നായകനായി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലറിൽ അതിഥി താരമായും പ്രത്യക്ഷപ്പെടുന്നുണ്ട്.മഹി വി.രാഘവ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം യാത്ര 2 ആണ് മമ്മൂട്ടിയുടെ മറ്റൊരു ചിത്രം.ബോക്സ് ഓഫീസിൽ പെരുമ്പറ തീർക്കാൻ എത്തുകയാണ് മോഹൻലാൽ ചിത്രങ്ങൾ . മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒരുമിക്കുന്ന മലൈക്കോട്ടൈ വാലിബാൻ ജനുവരി 25ന് റിലീസ് ചെയ്യും. മോഹൻലാലും ലിജോയും ആദ്യമായാണ് ഒരുമിക്കുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ആണ് മറ്റൊരു മേജർ ചിത്രം.
മാർച്ച് 28ന് റിലീസ് ചെയ്യുന്ന ബറോസ് വിദേശ ഭാഷകളിലും എത്തുന്നുണ്ട്. പാൻ ഇന്ത്യൻ ചിത്രങ്ങളായ ഋഷഭ, കണ്ണപ്പ എന്നിവയും മോഹൻലാലിന്റെ അക്കൗണ്ടിലുണ്ട്. എമ്പുരാന്റെ ചിത്രീകരണത്തിനു വേണ്ടി മോഹൻലാൽ ഈ വർഷം  കൂടുതലായി നീക്കിവയ്ക്കന്നു. യുവതാരങ്ങൾ കൈയടക്കുന്നതാണ് ഇത്തവണത്തെ വിഷു . 
പൃഥ്വിരാജ് - ബ്ളസി ടീമിന്റെ സ്വപ്ന പദ്ധതിയായ ആടുജീവിതം ആണ് വിഷു സീസണിലെ ഏറ്റവും വലിയ ആകർഷണീയത. മലയാളത്തിൽ ഏറ്റവുമധികം നാളുകൾ ചിത്രീകരണം നീണ്ടു പോയ സിനിമകളിലൊന്നാണ് ആടു ജീവിതം.ബഡ്ജറ്റിലും മുൻപിൽ.
ഫഹദ് ഫാസിലും ജിത്തു മാധവനും ആദ്യമായി ഒരുമിക്കുന്ന ആവേശവും ബഡജ്റ്റിൽ മുൻപിൽ തന്നെയാണ്.
കാമ്പസ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. വിനീത് ശ്രീനിവാസന്റെ പ്രണവ് മോഹൻലാൽ- നിവിൻ പോളി- കല്യാണി പ്രിയദർശൻ ചിത്രം വർഷങ്ങൾക്കുശേഷം ബഡ്ജറ്റിൽ ഒട്ടും പിന്നിലല്ല.  അജയന്റെ രണ്ടാം മോഷണം, നടികർ തിലകം, ഐഡന്റിറ്റി എന്നീ ചിത്രങ്ങൾ ടൊവിനോയുടെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമകളാണ്. നടികർ തിലകത്തിന്റെ ബഡ്ജറ്റ് 40 കോടിയാണ്. അന്വേഷിപ്പിൻ കണ്ടെത്തുമാണ് മറ്റൊരു ടൊവിനോ ചിത്രം.  പൃഥ്വിരാജിന്റെ വിലയാത്ത് ബുദ്ധ,  കുഞ്ചാക്കോ, സുരാജ് വെഞ്ഞാറമൂട് ചിത്രം ഗ്ർർർ.., ബിജുമേനോൻ - സുരാജ് വെഞ്ഞാറമൂട് ചിത്രം നടന്ന സംഭവം,പിന്നെയും വലിയ സിനിമകളിലേക്ക് 2024 പ്രദക്ഷിണം വയ്ക്കുന്നു.ആസിഫ് അലി ചിത്രം ടിക്കി ടാക്ക കോടികളുടെ കിലുക്കത്തിലാണ്ഒരുങ്ങുന്നത്.ആസിഫിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം.അന്യഭാഷകളിൽനിന്ന് മലയാളത്തിലേക്ക് എത്തുന്നുണ്ട് ബ്രഹ്മാണ്ഡങ്ങൾ. തെലുങ്കിൽ നിന്ന് പുഷ്പ 2, തമിഴിൽനിന്ന് ഇന്ത്യൻ 2 എന്നിവ  ഉദാഹരണം  .പോയവർഷം ജയിലറും ജവാനും ലിയോയും കേരളത്തിൽനിന്ന് കോടികളാണ് വാരിയത്.മികച്ച അഭിപ്രായം മാത്രം നേടി മലയാളത്തിൽ ചെറിയ ചിത്രങ്ങൾ ഒതുങ്ങുന്ന സ്ഥിതി ആവർത്തിക്കപ്പെടാം.ബഡ്ജറ്റ് നോക്കി സിനിമ കാണാൻ പ്രേക്ഷകൻ പഠിച്ചു തുടങ്ങിയതിനാൽ ഇനി ബ്രഹ്മാണ്ഡ കാലം.