election

തിരുവനന്തപുരം : രണ്ടു മാസത്തിനുള്ളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കി മുന്നണികൾ. മന്ത്രിസഭതന്നെ ജനങ്ങളുമായി നേരിട്ട് സംവദിച്ച നവകേരളസദസ് എൽ.ഡി.എഫിന്റെ പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. 2019ൽ ലഭിച്ച സീറ്റുകളിൽ കുറവുണ്ടാവാതിരിക്കാൻ കരുതലോടെ യു.ഡി.എഫും രംഗത്തിറങ്ങി. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ

അധികാരം പിടിച്ചത് കേരളത്തിലും ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.

നവകേരളസദസിലൂടെ അണികളെ ഉത്തേജിപ്പിക്കാനും കേന്ദ്രവിരുദ്ധ സന്ദേശം പ്രചരിപ്പിക്കാനും സി.പി.എമ്മിനും ഇടതുപക്ഷത്തിനും കഴിഞ്ഞിട്ടുണ്ട്. ഗവർണർ- സർക്കാർ പോര്, ബി.ജെ.പി -മോദി വിരുദ്ധ പോരാട്ടങ്ങളുടെ കുന്തമുനയാക്കാൻ സി.പി.എമ്മും പോഷകസംഘടനകളും സ്വീകരിച്ച രാഷ്ട്രീയ നിലപാട് ഒട്ടൊക്കെ ഫലം കണ്ടു. സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്‌മെന്റും ക്ഷേമപ്രവർത്തനങ്ങളും തകിടം മറിച്ചത് കേന്ദ്രത്തിന്റെ പ്രതികൂല സമീപനം കൊണ്ടാണെന്ന് വിശദീകരിക്കാൻ സർക്കാരിനും സി.പി.എമ്മിനും കഴിഞ്ഞിട്ടുണ്ട്. മണിപ്പൂർ, പാലസ്തീൻ വിഷയങ്ങൾ ഉയർത്തിയുള്ള പ്രചാരണത്തിലും ഫലമുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു. പാർട്ടിയിലും മുന്നണിയിലുമുള്ള ഐക്യവും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ലഭിക്കുന്ന മേൽക്കൈയും പ്രയോജനപ്പെടുത്തിയാൽ മുന്നേറാമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു.

തൃശ്ശൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രംഗത്തിറക്കിയാണ് ബി.ജെ.പി പ്രചാരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. മോദി സർക്കാർ വീണ്ടും വരുമെന്നും അതിൽ കേരളത്തിന്റെ പ്രാതിനിധ്യം ഉണ്ടാകണമെന്നുമാണ് ബി.ജെ.പി ജനങ്ങളോട് പറയുന്നത്. പാർട്ടിക്ക് ഏറെ പ്രതീക്ഷയുള്ള തിരുവനന്തപുരത്ത് കേന്ദ്രനേതൃത്വത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പ്രതീക്ഷിക്കുന്നു. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളും മറ്റ് വികസന പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രചാരണം.

2019ൽ ലഭിച്ച 19 സീറ്റുകൾ നിലനിറുത്താനാണ് യു.ഡി.എഫ് ശ്രമം. പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങൾ മറന്ന് ഒരുമിച്ച് പോരാടണമെന്ന സന്ദേശം കോൺഗ്രസ് കേന്ദ്രനേതൃത്വം നൽകിക്കഴിഞ്ഞു. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ക്ഷണം രാഷ്ട്രീയമായി കോൺഗ്രസിനെ പിന്നോട്ടടിക്കുന്നുണ്ട്. നിലവിലെ എല്ലാ എം.പിമാരോടും വീണ്ടും മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചിലയിടങ്ങളിൽ അപ്രതീക്ഷിത സ്ഥാനാർത്ഥികൾക്ക് സാദ്ധ്യതയുണ്ട്. നവകേരളസദസിനെതിരായ യൂത്ത്‌കോൺഗ്രസ് പ്രതിഷേധം പാർട്ടിക്ക് ഗുണകരമായെങ്കിലും മുതിർന്ന നേതാക്കളുടെ സ്വരച്ചേർച്ച ഇല്ലായ്മയും പുനഃസംഘടനാ പാളിച്ചകളും ഗ്രൂപ്പുകളുടെ ചേരിപ്പോരും വെല്ലുവിളിയാണ്. ഇടക്കാലത്ത് രാഷ്ട്രീയമായി ലീഗിനുണ്ടായ ചാഞ്ചാട്ടം യു.ഡി.എഫനെ ബാധിച്ചെങ്കിലും നിലവിൽ മുന്നണിയിൽ കൃത്യമായ ഏകോപനം ദൃശ്യമാണ്.