
തിരുവനന്തപുരം: മധുരപലഹാരങ്ങളിലൂടെ സ്‌കൂൾ മുറ്റങ്ങളിൽ പിടിമുറുക്കിയ മയക്കുമരുന്ന് സംഘത്തെ തുരത്താൻ 300 കിയോസ്‌കുകളുമായി മിൽമ എത്തുന്നു. സംസ്ഥാനത്തെ 300 സ്‌കൂളുകളിൽ ഈ വർഷം പദ്ധതി നടപ്പാക്കും. സ്‌കൂൾ കോമ്പൗണ്ടിലാണ് കിയോസ്‌ക് സ്ഥാപിക്കുന്നത് പദ്ധതി. ഐസ്ക്രീം, സിപ് അപ്പ്, പേട, ബിസ്‌കറ്റ്, പാൽ അടക്കമുള്ള ഉത്പന്നങ്ങൾ ഇവിടെയുണ്ടാകും.
മലബാർ മിൽമ പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലാണ് നവംബറിൽ നടപ്പാക്കിയത്. വിദ്യാഭ്യാസ വകുപ്പിന് നൽകിയ പ്രൊപോസൽ അംഗീകരിച്ചാൽ പി.ടി.എയുടെ സഹകരണത്തോടെ സർക്കാർ സ്‌കൂളുകളിലും നടപ്പാക്കും. സ്‌കൂൾ പരിസരത്തെ കടകളിൽ ലഹരിവസ്‍തുക്കളടങ്ങിയ മധുരപലഹാരങ്ങൾ നൽകുന്നുണ്ടെന്ന പൊലീസ് റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.
സ്‌കൂളുകൾക്ക് ചെലവില്ല
ഈ വർഷം സംസ്ഥാനത്തെ മൂന്നു മിൽമ യൂണിയനുകളും നിശ്ചിത എണ്ണം കിയോസ്‌ക് തുടങ്ങും. ഇതിനുള്ള ലിസ്റ്റ് മിൽമ മാർക്കറ്റിംഗ് വിഭാഗം തയ്യാറാക്കുന്നുണ്ട്. പ്രത്യേകം രൂപകല്പന ചെയ്ത കിയോസ്‌കും, റഫ്രിജേറ്ററ്ററും, കോഫി വെൻഡിംഗ് മെഷീനുമടക്കം ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ മിൽമ നൽകും. ഡീലർ കമ്മിഷനായി നിശ്ചിത ലാഭം നടത്തിപ്പുകാരായ സ്‌കൂൾ പി.ടി.എയ്‌ക്ക് ലഭിക്കും. ഒരാൾക്ക് ജോലി ലഭിക്കും വിധമാണ് പദ്ധതിയുടെ രൂപകല്പന.
'ലഹരി സംഘങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. സ്‌കൂൾ പി.ടി.എയ്‌ക്ക് വരുമാനവും ഒരാൾക്ക് ജോലിയും ഇതിലൂടെ ലഭ്യമാകും".
-കെ.എസ്. മണി, മിൽമ ചെയർമാൻ