
തിരുവനന്തപുരം: ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ആണവോർജ്ജം ഉപയോഗിക്കാനുള്ള പരീക്ഷണങ്ങൾക്ക് ഐ.എസ്.ആർ.ഒ വിജയകരമായി തുടക്കമിട്ടു. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന റോക്കറ്റ്എൻജിന്റെ ആദ്യഘട്ടമായ
റേഡിയോ ഐസോടോപ്പ് ഹീറ്റിംഗ് യൂണിറ്റ് ചന്ദ്രയാൻ-3ൽ പരീക്ഷിച്ച് വിജയിച്ചതായി ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്.സോമനാഥ് വെളിപ്പെടുത്തി.
കെമിക്കൽ ഇന്ധനമായ ദ്രവീകൃത ഓക്സിജനും ഹൈഡ്രജനുമാണ് റോക്കറ്റുകളിൽ ഇപ്പോൾ ഉപയോഗിക്കുന്നത്. ഒരു രാജ്യവും റോക്കറ്റിൽ ആണവോർജ്ജം ഉപയോഗിക്കുന്നില്ല. ചൊവ്വാ ദൗത്യത്തിനായി ഇത് വികസിപ്പിക്കാനുള്ള നാസയുടെ പദ്ധതി പുരോഗമിക്കുകയാണ് . വോയേജർ, ക്യൂരിയോസിറ്റി തുടങ്ങിയ ഗ്രഹാന്തര പേടകങ്ങളിൽ അമേരിക്ക ആണവോർജ്ജം ഉപയോഗിക്കുന്നുണ്ട്.
സൂര്യപ്രകാശവും ഓക്സിജനും മതിയായ തോതിൽ കിട്ടാത്തതുമൂലം ഗ്രഹാന്തര ദൗത്യങ്ങളിൽ നേരിടുന്ന പ്രതിസന്ധി മറികടക്കാനും അതിവേഗം ലക്ഷ്യത്തിലെത്താനുമാണ് ആണവോർജ്ജ റോക്കറ്റ് വികസിപ്പിക്കുന്നത്. ചൊവ്വ ഭൂമിയിൽ നിന്ന് 18.80കോടി കിലോമീറ്റർ അകലെയാണ്. അവിടെയെത്താൻ ആറു മുതൽ ഒൻപത് മാസം വരെ വേണ്ടിവരും. ആണവോർജ്ജം ഉപയോഗിച്ചാൽ 45ദിവസം കൊണ്ട് എത്താനാകും.ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന റോക്കറ്റിനും പേടകങ്ങൾക്കും സൗരയൂഥത്തിന് പുറത്തുള്ള ദൗത്യവും നിറവേറ്റാനാകും. ചന്ദ്രയാൻ-3 പേടകത്തിലെ ലാൻഡർ 14 ദിവസത്തിന് ശേഷം നിശ്ചലമായത് സൂര്യപ്രകാശം കിട്ടാത്തതുകൊണ്ടാണ്.
ബാർക്കുമായി കൈകോർത്തു
1. ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന്റെ (ബാർക്ക് ) സഹകരണത്തോടെയാണ് ഐ.എസ്.ആർ.ഒ.ന്യൂക്ളിയർ തെർമ്മൽ പ്രൊപ്പല്ലന്റ് റോക്കറ്റ് എൻജിൻ വികസിപ്പിക്കുന്നത്. ആണവറോക്കറ്റ് എൻജിന് റേഡിയോ ഐസോടോപ്പ് ഹീറ്റർ യൂണിറ്റ്,റേഡിയോ തെർമ്മോ ഇലക്ട്രിക് ജനറേറ്റർ(ആർ.ടി.ജി) തുടങ്ങി രണ്ടുഭാഗങ്ങളുണ്ട്. ആദ്യ ഭാഗമാണ് ചന്ദ്രയാനിൽ പരീക്ഷിച്ചത്. രണ്ടാം ഭാഗത്തിന്റെ 5 വാട്ട് മാതൃക പരീക്ഷിച്ചു.100വാട്ട് മാതൃക ഇനി പരീക്ഷിക്കും.
2. പ്ളൂട്ടോണിയം-238, സ്ട്രോൻറ്റിയം- 90 തുടങ്ങിയ ഐസോടോപ്പുകളാണ് ഇതിൽ ഉപയോഗിച്ചത്. ഒരു തൻമാത്രയിൽ നിന്ന് 2426.85 ഡിഗ്രി സെൽഷ്യസ് വരെ താപം പുറത്തേക്ക് വിടാൻ ഇവയ്ക്കാകും. ഇത് തെർമ്മോ കപ്പിൾ എന്ന വസ്തുവിലേക്ക് കടത്തിവിടും. അത് പിന്നീട് ഹൈവോൾട്ടേജായി മാറും. ഇത്തരത്തിലാണ് ന്യൂക്ളിയർ തെർമ്മൽ പ്രൊപ്പൽഷൻ എൻജിൻ പ്രവർത്തിപ്പിക്കുന്നത്.
3. ആണവ റോക്കറ്റിന്റെ സ്റ്റാർട്ടപ്പ് സിസ്റ്റം, കൺട്രോൾ വാൽവ്, കൺട്രോൾ റോഡ്,കൂളിംഗ് ചാനൽ, ത്രസ്റ്റ് ചേംബർ, പ്രോഗ്രാം കൺട്രോളർ,ഫ്യൂവൽ പമ്പ് എന്നിവ വികസിപ്പിച്ചു.പുതിയ റോക്കറ്റ് അധികം താമസിയാതെ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ. അതോടെ ബഹിരാകാശ ഗവേഷണ മേഖലയിൽ ഇന്ത്യ വൻ കുതിച്ചുചാട്ടമായിരിക്കും നടത്തുക.