thookku

വക്കം:തീരദേശ പ്രദേശമായ അഞ്ചുതെങ്ങിലെ തോണിക്കടവിൽ കോൺക്രീറ്റ് പാലം പണിയണമെന്ന ആവശ്യം ശക്തം. അഞ്ചുതെങ്ങ്, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് അഞ്ചുതെങ്ങ് കായലിന് കുറുകെ കോൺക്രീറ്റ് പാലം നിർമിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.

ഉപ്പ് കാറ്റേറ്റ് നിലവിലെ തൂക്ക് പാലത്തിന്റെ കൈവരിയും നടപ്പാതയും നശിക്കുകയാണ്. പാലത്തിന്റെ നിർമ്മാണ ചെലവിന്റെ ഇരട്ടിയോളം തുക വിവിധ ഘട്ടങ്ങളിലായി അറ്റകുറ്റപ്പണികൾക്കായി മാത്രം ചെലവഴിച്ചു.തീരദേശ പരിപാലന നിയമത്തിന്റെ ഭാഗമായും ജനസാന്ദ്രത കൂടിയതോടെയും ഇതിനോടകം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ നിന്ന് തൊട്ടടുത്ത കടയ്ക്കാവൂർ മേഖലയിലെ അഞ്ചുതെങ്ങ് കായൽ അതിർത്തി പ്രദേശങ്ങളായ ചമ്പാവ്,തെക്കുംഭാഗം തുടങ്ങിയ മേഖലകളിലേക്ക് വിവിധ സർക്കാർ പദ്ധതികളിൽ ഉൾപ്പെട്ട് അടുത്തകാലത്ത് താമസം മാറിയത് നിരവധി കുടുംബങ്ങളാണ്. ഇവരുടെ ഉപജീവനവും മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളും ഇവിടെയായതിനാൽ ദിനംപ്രതി ഇവർ അഞ്ചുതെങ്ങിൽ എത്തുന്നുണ്ട്. മീരാൻ കടവ്, മുഞ്ഞമൂട് പാലങ്ങൾ വഴി രണ്ടുമുതൽ മൂന്ന് കിലോമീറ്ററോളം ചുറ്റിക്കറങ്ങിയാണ് ഇവർ അഞ്ചുതെങ്ങിൽ എത്തുന്നത്. തോണിക്കടവിൽ അടിയന്തരമായി പുതിയ കോൺക്രീറ്റ് പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വീതി കുറവ്

നിലവിൽ ഇവിടെ സ്ഥിതിചെയ്യുന്നത് 2011ൽ നിർമ്മിച്ച ഒരു തൂക്കുപാലമാണ്. ഇതിലൂടെ കഷ്ടിച്ച് രണ്ടാൾക്ക് നടന്നുപോകാം.

കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല

2010ൽ ചാലിയാർ പുഴയിലുണ്ടായ അപകടത്തെ തുടർന്ന് പല കടവുകളിലും കടത്തുവള്ളങ്ങൾ ഒഴിവാക്കി തൂക്കുപാലങ്ങൾ പണിയാൻ അന്നത്തെ സർക്കാർ തീരുമാനിച്ചിരുന്നു. അതിന്റെ ഫലമായാണ് അഞ്ചുതെങ്ങ് തോണിക്കടവിലും തൂക്കുപാലം പണിതത്. പാലത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് സ്റ്റീലാണ്, ഇതിനാൽ തന്നെ ഇത് പ്രദേശത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല.

പാലം വന്നില്ല

മുൻ സർക്കാരിന്റെ കാലത്ത് ഇവിടെ കോൺക്രീറ്റ് പാലം പണിയാൻ അനുമതി ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ഈ തീരുമാനം പാതിവഴിയിൽ ഉപേക്ഷിച്ചു.