തിരുവനന്തപുരം: ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യൂസിയം ആർട് സയൻസും ചേർന്ന് സംഘടിപ്പിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള 15 മുതൽ ഫെബ്രുവരി 15വരെ തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ നടക്കും. 15ന് വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
25 ഏക്കറിലാണ് ഫെസ്റ്റിവൽ സമുച്ചയം. പ്രപഞ്ചത്തിന്റെ മാതൃക, പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഡാർവിൻ സഞ്ചരിച്ച എച്ച്.എം.എസ് ബീഗിൾ കപ്പലിന്റെ ബൃഹദ് രൂപം, ദിനോസറിന്റെ അസ്ഥികൂടമാതൃക, മനുഷ്യമസ്തിഷ്‌കത്തിന്റെ വാക്ക് ഇൻ, ബഹിരാകാശനിലയത്തിൽ നിന്നുള്ള കാഴ്ചകൾ, മനുഷ്യശരീരത്തിന്റെ പ്രവർത്തനം തുടങ്ങിയവ പ്രദർശനത്തിനുണ്ടാകും. യു.എസ് കോൺസലേറ്റ് ജനറൽ, ബ്രിട്ടീഷ് കൗൺസിൽ,ജർമൻ കോൺസലേറ്റ്,അലിയാൻസ് ഫ്രാൻസൈസ്,ഐസർ തിരുവനന്തപുരം,സി.എസ്.ഐ.എൻ.ഐ.ഐ.എസ്.ടി തുടങ്ങി അന്തർദേശീയ,ദേശീയ ഏജൻസികൾ പരിപാടിയുടെ ഭാഗമാണ്. ജർമൻ കോൺസലേറ്റിന്റെ 'എനർജി ഇൻ ട്രാൻസിഷൻ',പസിഫിക് വേൾഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യുട്ടിവ് ഡയറക്ടർ ഡോ.ഡഗ്ലസ് ഹെർമൻ ക്യൂറേറ്റ് ചെയ്യുന്ന 'വാട്ടർ മാറ്റേഴ്സ്', അലിയാൻസ് ഫ്രാൻസൈസ് സജ്ജമാക്കുന്ന 'ക്ലൈമറ്റ് ചെയ്ഞ്ച്', ബ്രിട്ടീഷുകാരനായ ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക് ജെറം നിർമിച്ച ചന്ദ്രന്റേയും ചൊവ്വയുടേയും മാതൃകകൾ ഉൾപ്പെട്ട 'മ്യൂസിയം ഒഫ് മൂൺ ആൻഡ് മാഴ്സ്', മെൽബണിലെ ലോകപ്രശസ്ത ബയോമോളിക്യുലാർ അനിമേറ്ററായ ഡ്ര്യൂ ബെറിയുടെ 'മോളിക്യുലാർ അനിമേഷൻ', ബംഗളൂരുവിലെ വിശ്വേശ്വരയ്യ മ്യൂസിയത്തിന്റെ 'സീഡ്സ് ഒഫ് കൾച്ചർ' എന്നിവയുണ്ടാകും.
ശാസ്ത്രസങ്കേതിക മ്യൂസിയത്തിന്റെ സഹകരണത്തോടെ രാത്രികാല വാനനിരീക്ഷണം സജ്ജമാണ്. ഭിന്നശേഷിസൗഹൃദ റാംപുകൾ ഒരുക്കിയിട്ടുണ്ട്. ഒരു ദിവസത്തേക്ക് മുതിർന്നവർക്ക് 250 രൂപയും പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്ക് 150 രൂപയുമാണ് ഫീസ്. രണ്ടുദിവസത്തേക്ക് യഥാക്രമം 400, 250 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. ഭിന്നശേഷിക്കാർക്കും പത്തുവയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യം.
സ്കൂളുകളിൽ നിന്ന് 30 പേരിൽ കുറയാത്ത വിദ്യാർത്ഥിസംഘത്തിന് ഒരാൾക്ക് 100 രൂപയാണ് നിരക്ക്. കോംപ്ലക്സിനുള്ളിൽ ആളുകളുടെ എണ്ണത്തിന് സാങ്കേതികപരിധിയുള്ള അഞ്ച് പ്രദർശനങ്ങളിൽ പ്രത്യേകം ടിക്കറ്റിംഗുണ്ട്.
gsfk.org വെബ്‌സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഫെഡറൽ ബാങ്ക് വഴിയും ടിക്കറ്റുകൾ ലഭ്യമാകും. നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ കേരളത്തിലാദ്യമായി പ്രഭാഷണം നടത്തുന്നെന്ന പ്രത്യേകതയുമുണ്ട്.