
□പരീക്ഷ 15000 കുട്ടികൾക്ക് വീതം പല ദിവസം
തിരുവനന്തപുരം: ഒന്നര ലക്ഷം കുട്ടികളെഴുതുന്ന കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷ ഇക്കൊല്ലം മുതൽ ഓൺലൈനാക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി.
പരീക്ഷ നടത്താൻ സാങ്കേതിക വൈദഗ്ദ്ധ്യമുള്ള കമ്പനികളിൽ നിന്ന് ഉടൻ ടെൻഡർ വിളിക്കും. കേന്ദ്ര സർക്കാരിന് പാസ്പോർട്ട് സേവനം നൽകുന്ന ടാറ്റാ കൺസൾട്ടൻസി സർവീസ് (ടി.സി.എസ്) അടക്കം 3 കമ്പനികൾ താത്പര്യമറിയിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിനുള്ള നെറ്റ്‌വർക്ക്, സെർവർ, സോഫ്‌റ്റ്‌വെയർ സംവിധാനമൊരുക്കുകയാണ് ചുമതല. ചോദ്യ പേപ്പർ തയ്യാറാക്കുന്നത് എൻട്രൻസ് കമ്മിഷണറായിരിക്കും. എൻട്രൻസ് പരീക്ഷ ഓൺലൈനാവുമെന്ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.
എൻട്രൻസ് പരീക്ഷ നിലവിൽ ഒ.എം.ആർ രീതിയിലുള്ള എഴുത്തു പരീക്ഷയാണ്. ഫിസിക്സ്-കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിങ്ങനെ രണ്ട് പേപ്പറുകളായി നടത്തുന്ന എൻട്രൻസ് പരീക്ഷ, ഓൺലൈനാവുമ്പോൾ മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒറ്റ പേപ്പറായി നടത്തും. ഒറ്റ ഘട്ടമായി നടത്താനുള്ള കമ്പ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യങ്ങളില്ലാത്തതിനാൽ 15,000 കുട്ടികൾക്ക് വീതം പല ദിവസങ്ങളിലായി പരീക്ഷ നടത്തും.100എൻജിനിയറിംഗ് കോളേജുകൾ പരീക്ഷാ കേന്ദ്രങ്ങളായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ എൽ.എൽ.ബി, പി.ജി നഴ്സിംഗ്, എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്റടക്കം 5 പരീക്ഷകൾ ഓൺലൈനായി നടത്തുന്നുണ്ട്. ഐ.ടി സംവിധാനമൊരുക്കുന്നത് സി-ഡിറ്റാണ്.
പരീക്ഷാ നടത്തിപ്പിന് സ്വകാര്യ കമ്പനി കോളേജുകളിൽ ലോക്കർ സെർവറും അടിയന്തര സാഹചര്യത്തിലുപയോഗിക്കാനുള്ള രണ്ടാം സെർവറും സജ്ജമാക്കണം. എൻട്രൻസ് കമ്മിഷണറുടെ രണ്ട് ലാപ്ടോപ്പുകളിലായിരിക്കും ചോദ്യ പേപ്പർ. പരീക്ഷാ സമയത്ത് പാസ്‌വേഡ് ഉപയോഗിച്ച് പ്രത്യേക സോഫ്‌റ്റ്‌വെയറിലേക്കും വിദ്യാർത്ഥിയുടെ കമ്പ്യൂട്ടറിലും ചോദ്യം ലഭ്യമാക്കും. രജിസ്റ്റർ നമ്പരുപയോഗിച്ച് ലോഗിൻ ചെയ്താൽ ചോദ്യങ്ങൾ കാണാനാവും. ശരിയുത്തരത്തിൽ മൗസുപയോഗിച്ച് ക്ലിക്ക് ചെയ്യാം. പരീക്ഷാ സമയം കഴിയുമ്പോൾ ഉത്തരങ്ങൾ വിദ്യാർത്ഥികൾ സേവ് ചെയ്യുന്നതോടെ സെർവറിൽ രേഖപ്പെടുത്തും.
ഫലം ഒരാഴ്ചയ്ക്കകം
ഓൺലൈനാവുന്നതോടെ പരീക്ഷയുടെ പിറ്റേന്ന് ഉത്തര സൂചികയും ഒരാഴ്ചയ്ക്കകം സ്കോറും പ്രസിദ്ധീകരിക്കാം. റാങ്ക് ലിസ്റ്റ് വേഗത്തിലാവുന്നതോടെ പ്രവേശനം നേരത്തെയാക്കാം. ഒ.എം.ആർ ഉത്തരക്കടലാസ്, ചോദ്യ പേപ്പർ പ്രിന്റിംഗ് ഉൾപ്പെടെ ചെലവ് കുറയും.
ഓൺലൈൻ
പരീക്ഷ
പലദിവസങ്ങളിലായുള്ള പരീക്ഷയായതിനാൽ നിരവധി സെറ്റ് ചോദ്യങ്ങളുണ്ടാവും. ഒരു ബാച്ചിന്റെ ചോദ്യം ആവർത്തിക്കില്ല. ചോദ്യപേപ്പർ തിരഞ്ഞെടുക്കുന്നത് സോഫ്‌റ്റ്‌വെയറാണ്. ചോദ്യം ചോർന്നാൽ ഓട്ടോമാറ്റിക്കായി വേറെ സെറ്റ് ലോഡാവും.
'
49,903
എൻജിനിയറിംഗ് സീറ്റുകൾ
സംസ്ഥാനത്ത്