school-festival

കാെല്ലം: മൺറോത്തുരുത്തിൽ കായലിനുനടുവിൽ പ്രകൃതി കണ്ടൽ കൊണ്ടുണ്ടാക്കിയ കോട്ടവാതിൽ. അവിടെ വള്ളത്തിലെത്തി ചുവടു വയ്ക്കുകയാണ് മൂന്നു പെൺകുട്ടികൾ. അത് മൊബൈലിൽ പകർത്തി അനുജത്തിയും.

കായൽ സവാരി ആസ്വദിക്കാനെത്തിയ വിദേശികൾക്കും സ്വദേശികൾക്കും കൗതുകം. കുട്ടവഞ്ചിയിലെത്തിയ സായിപ്പിന് കാര്യമറിയണം. വഞ്ചി തുഴഞ്ഞ ഉത്തമൻ പറഞ്ഞു. 'സായിപ്പേ, സ്കൂൾ ആർട്ട് ഫെസ്റ്റ്. പിള്ളേര് തിമിർക്കട്ട്ന്ന്..."

കണ്ണുമിഴിച്ച സായിപ്പിന് തിമിർപ്പ് മനസിലാക്കിക്കൊടുക്കാൻ ഉത്തമൻ തനിക്കറിയാവുന്ന ഇംഗ്ലീഷിലേക്ക് കടന്നു.

ഇന്ന് കൊല്ലത്ത് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയവരാണ് മൂവരും. കാസർകോട് പരപ്പ ഹയർസെക്കൻഡറി സ്കൂളിലെ ആദിലക്ഷ്മി, തിരുവനന്തപുരം ‌ഞെക്കാട് ഗവ. ഹയർസെക്കൻഡറിയിലെ സഞ്ജന, കൊല്ലം ചാത്തന്നൂർ എൻ.എസ്.എസ് സ്കൂളിലെ ഐശ്വര്യ.

കൊല്ലത്ത് ഒരു ഡാൻസ് സ്കൂളിൽ പരിശീലിച്ച വ്യത്യസ്ഥ സാഹചര്യങ്ങളാൽ മൂന്നു ജില്ലകളിൽ പഠിക്കുന്നവ‌ർ. നൃത്തമാണ് ഇവരുടെ സൗഹൃദത്തെ ദൃഢപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കലോത്സവമാണ് ഇവരുടെ കൂടിച്ചേരലുകൾക്ക് വേദിയൊരുക്കുന്നത്. ഇത്തവണ കൊല്ലത്തായതിനാൽ ഹയർ സെക്കൻഡറി വിദ്യാർത്ഥി ഐശ്വര്യ കൂടിച്ചേരൽ പൊളിയാക്കാൻ തീരുമാനിച്ചു. മൂന്നുംപേരും മേക്കപ്പിട്ട് ഇന്നലെ മൺട്രോതുരുത്തിലെത്തി. ഇന്നുമുതൽ മത്സരങ്ങൾ ആരംഭിക്കുകയാണ്. പിന്നെ സമയം കിട്ടില്ലല്ലോ. സ്കൂൾ കലോത്സവം ഇങ്ങനെ ചില കൂടിച്ചേരലുകളുടെകൂടി വേദിയാണ്.

15 വർഷത്തിനുശേഷം കൊല്ലത്ത് ഇന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ദീപം ജ്വലിക്കുമ്പോൾ ജില്ലയ്ക്കാകെ ആവേശമാണ്. ഒ.എൻ.വി. കുറുപ്പിന്റെ പേരിലുള്ള പ്രധാനവേദിയിൽ ഇന്നുരാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യുന്നതോടെ കലാകേരളത്തിന്റെ മനവും മിഴിയും കൊല്ലത്താകും.