തിരുവനന്തപുരം: സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ വീടും വാഹനങ്ങളും അടിച്ചുതകർത്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. കുന്നുകുഴി പൂച്ചെടിവിള കോളനി സ്വദേശി ബിജുലാൽ, മകൻ അഖിൽ ലാൽ, ഇവരുടെ ബന്ധു നിഖിൽ എന്നിവരെയാണ് മ്യൂസിയം പൊലീസ് ഇന്നലെ അറസ്റ്റുചെയ്‌തത്.
നിഖിൽ,അഖിൽലാൽ എന്നിവർ മുമ്പും ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിൽ ബിജുലാലിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് നിരവധി തവണ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായ മനു വേണുഗോപാലിന്റെ വീടും തൊട്ടടുത്ത കുടുംബവീടും കഴിഞ്ഞ ദിവസമാണ് സംഘം അടിച്ചുതകർത്തത്. മനുവിന്റെയും കുടുംബവീട്ടിൽ താമസിക്കുന്ന മനുവിന്റെ അച്ഛന്റെ സഹോദരന്റെ ഭാര്യ സുചിത്രയുടെ പരാതിയിലും രണ്ട് കേസുകൾ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌തിരുന്നു.
തിങ്കളാഴ്‌ച രാത്രി 12.30ഓടെയായിരുന്നു ആക്രമണം. രണ്ട് ഇരുചക്രവാഹനങ്ങൾ,ടി.വി,മൊബൈൽ ഫോൺ,ജനലുകൾ, വാതിലുകൾ,അലമാരകൾ,തയ്യൽ മെഷിൻ തുടങ്ങിയവ അക്രമിസംഘം അടിച്ചുതകർത്തു. മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. 15ഓളം പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റുചെയ്‌ത പ്രതികളെ റിമാൻഡ് ചെയ്‌തു. അറസ്റ്റിലായ ബിജുലാലിന്റെ ബന്ധുക്കളായ നാലുപേരും കണ്ടാലറിയാവുന്ന രണ്ട് പ്രതികളും കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി തെരച്ചിൽ നടത്തുകയാണെന്ന് എസ്.എച്ച്.ഒ മഞ്ചുലാൽ പറഞ്ഞു. അക്രമികൾ അടിച്ചുതകർത്ത മനുവിന്റെ വീട് ഇന്നലെ വി.കെ.പ്രശാന്ത് എം.എൽ.എ സന്ദർശിച്ചു.
ലഹരിയല്ല കുടുംബ തർക്കമെന്ന് പൊലീസ്
സംഭവത്തിനു പിന്നിൽ ലഹരിസംഘമല്ലെന്നും കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് വലിയ രീതിയിലേക്കുള്ള ആക്രമണത്തിലേക്ക് നയിച്ചതെന്നും മ്യൂസിയം പൊലീസ് പറഞ്ഞു. ബിജുലാലിന്റെ വളർത്തുനായ മനുവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് പിന്നിൽ. എന്നാൽ രഹസ്യാന്വേഷണവിഭാഗം ലഹരി സംഘങ്ങളുടെ പങ്ക് വിശദീകരിക്കുന്നുണ്ട്. പ്രദേശത്തെ ലഹരി ഉപയോഗവും പ്രതികളുടെ പശ്ചാത്തലവും കണക്കിലെടുത്താൽ ലഹരി സംഘങ്ങളുടെ പങ്ക് തള്ളിക്കളയാനാകില്ല. രഹസ്യമായിട്ടാണെങ്കിലും അതിലേക്കുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ ലഹരി ഉപയോഗവും അനിഷ്ഠ സംഭവവും വർദ്ധിക്കുകയാണെന്നാണ് എക്സൈസിന്റെയും റിപ്പോർട്ട്. എക്സൈസ് സ്‌ക്വാഡിന്റെ അന്വേഷണവും നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്.