
തിരുവനന്തപുരം: തീരദേശ വേലിയേറ്റ രേഖയുടെ 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് വേറെ ഭൂമിയുണ്ടെങ്കിലും വീട് നിർമ്മിക്കാനായി 4 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പുനർഗേഹം പദ്ധതിയിലുൾപ്പെടുത്തിയാണിത്. ഭൂമിക്കും വീടിനുമായാണ് 10 ലക്ഷം നൽകിയിരുന്നത്.
തീരദേശത്ത് വീടുള്ളതിനാൽ ലൈഫ് പദ്ധതിയിലും വേറെ ഭൂമിയുള്ളതിനാൽ പുനർഗേഹം പദ്ധതിയിലും പരിഗണിക്കാതിരുന്ന 355 കുടുംബങ്ങൾക്കായാണ് പുനർഗേഹം പദ്ധതിയുടെ മാനദണ്ഡത്തിൽ ഭേദഗതി വരുത്തിയത്. ഇവർക്ക് വേലിയേറ്റ രേഖയ്ക്ക് 200 മീറ്റർ പുറത്തെ സുരക്ഷിത മേഖലയിൽ ഭൂമിയുണ്ട്. പുനർഗേഹം പദ്ധതിക്കായി ഭരണാനുമതി നൽകിയിട്ടുള്ള 2,450 കോടി രൂപയിൽ നിന്നാണ് പണം നൽകുക. തീരത്ത് താമസിക്കുന്ന മുഴുവൻ മത്സ്യത്തൊഴിലാളികളെയും സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020ൽ പുനർഗേഹം പദ്ധതി ആരംഭിച്ചത്. മൂന്നു ഗഡുക്കളായിട്ടാണ് തുക അനുവദിക്കുന്നത്. വസ്തു ഇല്ലാത്തവർക്ക് ആറു ലക്ഷം വസ്തു വാങ്ങാനും വീടുവയ്ക്കാൻ നാലു ലക്ഷവും സർക്കാർ നൽകും. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലായി 390 ഫ്ലാറ്റുകളുടെ നിർമ്മാണം പൂർത്തിയാക്കി മത്സ്യത്തൊഴിലാളികൾക്കു കൈമാറി. 944 ഫ്ലാറ്റുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 288 ഫ്ലാറ്റുകളുടെ നിർമ്മാണത്തിന് ഭരണാനുമതി ഉടനുണ്ടാവും.