kerala-bank

തിരുവനന്തപുരം: കുടുംബത്തിലെ ദുരന്തങ്ങളിൽപ്പെട്ട് വായ്‌പ തിരിച്ചടയ്ക്കാനാകാതെ ജപ്‌തി ഭീഷണിയിലായ മുട്ടത്തറ സ്വദേശി ബിന്ദുവിന് കേരളബാങ്ക് പുത്തൻചന്ത ബ്രാഞ്ച് മാനേജരുടെയും ജീവനക്കാരുടെയും സഹായത്താൽ വീടും പുരയിടവും തിരിച്ചുകിട്ടി. ഇന്നലെ കേരളബാങ്കിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലാണ് ബിന്ദുവിന് വസ്‌തുവിന്റെ പ്രമാണം തിരിച്ചുനൽകിയത്.

ഭർത്താവിന്റെ മരണശേഷം 2018നാണ് ബിന്ദു അനുജത്തിയുടെ വിവാഹത്തിനായി ഒന്നര സെന്റ് വസ്തുവും വീടും ഈടുനൽകി പുത്തൻചന്ത മെയിൻ ശാഖയിൽ നിന്ന് മൂന്നുലക്ഷം രൂപ വായ്‌പയെടുത്തത്. എന്നാൽ ഒരുവർഷത്തിനകം അനുജത്തിയുടെ ഭർത്താവ് കിഡ്നി രോഗം ബാധിച്ചു മരിച്ചു. അനുജത്തിക്ക് ഒരു പെൺകുഞ്ഞും പിറന്നു. തൊട്ടുപിന്നാലെ 30 വയസുള്ള ഏകസഹോദരൻ കൊവിഡ് ബാധിച്ച് മരിച്ചു. അമ്മയ്ക്ക് അർബുദം പിടിപെട്ടതും അച്ഛന് അസുഖമായതും തിരിച്ചടിയായി. വായ്‌പയും പലിശയും ചേർന്ന് 4.30 ലക്ഷം രൂപയ്ക്ക് മുകളിലെത്തിയപ്പോൾ ജപ്തി അനിവാര്യമായി. ഇൗ സാഹചര്യത്തിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 1.75 ലക്ഷത്തിനു മേലുള്ള തുക ഇളവുകളോടെ വാ‌യ്‌പാകടം അവസാനിപ്പിക്കാൻ അനുമതി നൽകി.

ബിന്ദു 1.45 ലക്ഷം കൊണ്ടുവന്നെങ്കിലും വായ്‌പ തീർപ്പാക്കാൻ 1.10 ലക്ഷം രൂപ കൂടി വേണമായിരുന്നു. ഇൗ തുക പുത്തൻചന്ത ശാഖാ മാനേജരായ ലൂസി സി.പി വിരമിക്കൽ ആനുകൂല്യത്തിൽ നിന്ന് 90,​000രൂപ നൽകാമെന്ന് അറിയിച്ചു. ഇതോടെ മറ്റ് ജീവനക്കാർ ശേഷിച്ച തുകയും പിരിച്ചെടുത്ത് നൽകുകയായിരുന്നു. ബാങ്ക് പ്രസിഡന്റ്,ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ ഡയറക്ടർ അഡ്വ.എസ്.ഷാജഹാൻ,റീജിയണൽ ജനറൽ മാനേജർ ഡോ.എൻ.അനിൽകുമാർ,ഡെപ്യൂട്ടി ജനറൽ മാനേജർമാരായ അമ്പിളി.വി,വി.മായ,പ്രദീപ് കുമാർ.പി.കെ,ഷിംലി.എം എന്നിവരും സംസാരിച്ചു.