
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തോടെ പുതുവർഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം ജനുവരിയിൽ വിളിച്ചുകൂട്ടാൻ മന്ത്രിസഭായോഗത്തിൽ ധാരണയായെങ്കിലും തീയതി തീരുമാനിച്ചില്ല. നയപ്രഖ്യാപനം ഈ മാസം 25ന് നടത്താൻ ഗവർണറുടെ സമയം ആവശ്യപ്പെടും. ഗവർണറുടെ സമയം ലഭിച്ച ശേഷമേ നിയമസഭ വിളിക്കാൻ തീയതി നിശ്ചയിച്ച് ശുപാർശ നൽകൂ.
ഫെബ്രുവരി രണ്ടിന് ബഡ്ജറ്റ് അവതരിപ്പിക്കാനാണ് നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിടയുള്ളതിനാൽ അടിയന്തര നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി 9ന് സമ്മേളനം അവസാനിപ്പിച്ചേക്കും. 15ദിവസം മുൻകൂർ നോട്ടീസ് വേണമെന്നതിനാൽ 25നാണ് സഭ ചേരുന്നതെങ്കിൽ അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗം തീരുമാനമെടുത്താൻ മതിയാവും. സപ്ലൈക്കോയിൽ സബ്സിഡി സാധനങ്ങൾക്കടക്കം 50ശതമാനം വരെ വിലവർദ്ധിപ്പിക്കാനുള്ള ശുപാർശയും മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാത്തതിനാലാണ് തീരുമാനം മാറ്റിയത്. നവകേരളാ സദസിനു ശേഷം ആദ്യമായാണ് ഇന്നലെ സെക്രട്ടേറിയറ്റിൽ മന്ത്രിസഭാ യോഗം ചേർന്നത്.