ganesh

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ നഷ്ടത്തിലോടുന്ന ട്രിപ്പുകൾ നിറുത്തലാക്കുമെന്ന് മന്ത്രി കെ.ബി.ഗണേശ് കുമാർ പറഞ്ഞു. നഷ്ടത്തിന് കാരണം സമയക്രമമാണെങ്കിൽ അത് പരിഹരിക്കും.ഉൾനാടുകളിലേക്കുള്ള സർവീസ് നിറുത്തില്ലെന്നും സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ ഓഫീസിൽ മന്ത്രിയായി ചുമതലയേറ്റ ശേഷം മാദ്ധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

പൊതുഗതാഗത രംഗം പരിഷ്‌കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ട്രാഫിക് നിയമലംഘനം കണ്ടെത്താൻ എ.ഐ ക്യാമറ സംവിധാനം സ്ഥാപിച്ച വകയിൽ കെൽട്രോണിന് നൽകാനുള്ള തുക ഉടൻ നൽകും. ഇതുസംബന്ധിച്ച് ധനമന്ത്രിയും ധനവകുപ്പ് സെക്രട്ടറിയുമായും സംസാരിക്കും..

കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റേഷനുകൾ ശുചീകരിക്കും. സ്ത്രീ യാത്രക്കാർക്കും

മുലയൂട്ടുന്ന അമ്മമാർക്കും പ്രത്യേകം സുരക്ഷാ സൗകര്യം ഒരുക്കും. തൊഴിലാളി യൂണിയനുകളുമായി സഹകരിച്ചു പോകും. ചെയിൻ സർവീസുകളുടെ സമയക്രമം പുനഃപരിശോധിക്കും. കെ.ടി.ഡി.എഫ്.സിയുടെ കാര്യത്തിലും ചർച്ച നടക്കും. ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കും. അനുവദിക്കുന്ന ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണവും കുറയ്ക്കും. ഡ്രൈവിംഗ് പഠിപ്പിക്കുന്ന വാഹനങ്ങളിൽ ക്യാമറ സ്ഥാപിക്കും. ലൈസൻസുകൾ മോട്ടോർ വാഹന ഓഫീസുകളിൽ നിന്ന് വിതരണം ചെയ്യുന്നത് ആലോചിക്കും. മുഖ്യമന്ത്രി നിർദ്ദേശിച്ചതുനസരിച്ച് ഇന്ന് പമ്പ സന്ദർശിക്കും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി സർവീസുകൾ സുഗമമാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ട്രാൻസ്‌പോർട്ട് കമ്മിഷണർ, ഗതാഗത സെക്രട്ടറി, കെ.ടി.ഡി.എഫ്.സി എം.ഡി, കെ.എസ്.ആർ.ടിസി. ഉന്നതോദ്യോഗസ്ഥർ എന്നിവരുമായും മന്ത്രി ചർച്ച നടത്തി.

വീട്ടിൽ സന്ദർശകരെ കാണില്ല

തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശകരെ കാണില്ല. അതേ സമയം തിങ്കൾ മുതൽ വ്യാഴം വരെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ കാണും. എം.പിമാർക്കും എം.എൽ.എമാർക്കും എപ്പോൾ വേണമെങ്കിലും തന്നെ വന്നു കാണാമെന്നും മന്ത്രി പറഞ്ഞു.