
തിരുവനന്തപുരം: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീയണക്കാൻ പ്രയത്‌നിച്ച 185 ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് ഗുഡ്‌സർവീസ് എൻട്രി. ഉദ്യോഗസ്ഥരെ ഹൈക്കോടതി അഭിനന്ദിക്കുകയും അനുയോജ്യമായ അംഗീകാരം നൽകാൻ നിർദേശിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സർക്കാർ ഗുഡ്‌സർവീസ് എൻട്രി നൽകാൻ തീരുമാനിച്ചത്.
കഴിഞ്ഞ വർഷം മാർച്ച് രണ്ടിന് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം പൂർണമായി കെടുത്താനായത് മാർച്ച് 13ന് ആയിരുന്നു. അഗ്നി രക്ഷാ ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് വോളന്റിയർമാരും രാപ്പകൽ പ്രയത്‌നിച്ചാണ് തീയണച്ചത്. വിവിധ ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയിരുന്നു. അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട പ്രവർത്തനവുമായിരുന്നു ഇത്. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പടെയുള്ളവ കത്തിയുയർന്ന വിഷപ്പുകയ്ക്കിടയിലാണ് ജീവനക്കാർ പ്രവർത്തിച്ചത്.