തിരുവനന്തപുരം: മധുര ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിന്റെ ശാസ്‌തമംഗലത്തെ ശാഖയിൽ 30 ലക്ഷത്തിന്റെ നിക്ഷേപ തട്ടിപ്പ്. എസ്.എം.സി കോ ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റിയുടെ ശാഖയിലാണ് തട്ടിപ്പ് നടന്നത്. നേമം സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്‌തത്.
9.5 ശതമാനം പലിശനിരക്കിൽ നിക്ഷേപിച്ച 2.37 ലക്ഷം രൂപ നഷ്ടമായെന്നായിരുന്നു പരാതി. തുടർന്ന് നിക്ഷേപത്തിന്റെ കാലാവധി കഴിഞ്ഞ് തിരിച്ചെടുക്കാനെത്തിയപ്പോഴാണ് സ്ഥാപനം പൂട്ടിപ്പോയ വിവരം പലരുമറിഞ്ഞത്. നിക്ഷേപം സ്വീകരിച്ച ശേഷം സ്ഥാപനം പെട്ടെന്ന് അടച്ചുപൂട്ടി പോയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. സംഭവമറിഞ്ഞതോടെ കൂടുതൽ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തി. ഇന്നലെവരെ പത്തിലേറെപ്പേർ മ്യൂസിയം പൊലീസിൽ പരാതി നൽകി. 35ഓളം പേർക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് കരുതുന്നത്.
സ്ഥാപനം പൂട്ടിയത് പലരും അറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഉടമകൾ ബോധപൂർവം പൂട്ടിപ്പോയതാണെന്നും കമ്പനിയിൽ തിരഞ്ഞാൽ നിക്ഷേപകരുടെ വിവരങ്ങൾ ലഭിക്കാൻ സാദ്ധ്യതയില്ലെന്നുമാണ് പൊലീസിന്റെ നിഗമനം. നിക്ഷേപകർ എല്ലാവരും പരാതിയുമായെത്തിയാലേ തട്ടിപ്പിന്റെ വ്യാപ്‌തി അറിയാനാകൂവെന്നും പൊലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ 30ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ഒരു കോടിയോളം രൂപയിലേറെ തട്ടിയെടുത്തെന്നാണ് നിക്ഷേപകരുടെ ആരോപണം.
പലരും രേഖകളുമായി അടുത്ത ദിവസങ്ങളിൽ പൊലീസിനെ ബന്ധപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്. ഈ സ്ഥാപനത്തിന് കേരളത്തിലുള്ള ഏഴ് ബ്രാഞ്ചുകളിൽ നാലെണ്ണവും മധുരയിലെ ആസ്ഥാന ഓഫീസും അടച്ചിട്ടിരിക്കുകയാണെന്നും ഇടപാടുകാർ പറയുന്നു. മ്യൂസിയം പൊലീസ് കേസെടുത്ത് പ്രത്യേക സംഘത്തെ വച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.