തിരുവനന്തപുരം: തെറ്റിദ്ധാരണയുടെ പേരിൽ അമ്മൂമ്മയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിയായ ചെറുമകനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് നാവായിക്കുളം കുടവൂർ ഐരമൺനില പുല്ലൂർമുക്ക് അൽഹിലാലിൽ സജിൻഷായെ വെറുതെ വിട്ടത്. തന്റെ വിവാഹം മുടങ്ങാൻ കാരണം അമ്മൂമ്മയായ സാറുമ്മ എന്ന സൈനബ ബീവിയാണെന്ന് ആരോപിച്ചാണ് സജിൻഷാ മർദ്ദിച്ചത്. മർദ്ദനത്തിൽ തറയിൽ വീണ സൈനബയെ പ്രതി ചെരുപ്പിട്ട് തലയിലും ശരീരഭാഗങ്ങളിലും നിരന്തരം ചവിട്ടിയെന്നാണ് പൊലീസ് കേസ്. പ്രതിയുടെ മർദ്ദനത്തിൽ സൈനബയക്ക് ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആറ് മാസത്തിനുശേഷം മരിക്കുകയുമായിരുന്നു. 2018 ജൂലായ് 29 നായിരുന്നു സംഭവം. പ്രതിക്കുവേണ്ടി സരിത പ്രശാന്ത് ഹാജരായി.