gangai

ചെയ്യൂർ: സംഗീത സംവിധായകൻ ഗംഗൈ അമരൻ, നടൻ തലൈവാസൽ വിജയ്, എ.വി.എ ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ എ.വി. അനൂപ് എന്നിവർ ശാന്തിഗിരി ആശ്രമത്തിന്റെ രജതജൂബിലി പുരസ്‌കാരങ്ങൾക്ക് അർഹരായി. നാളെയും മറ്റന്നാളുമായി നടക്കുന്ന സമ്മേളനങ്ങളിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പുരസ്‌കാരങ്ങൾ സമ്മാനിക്കും.

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ സഹോദരനായ ഗംഗൈ അമരൻ മൗനഗീതങ്ങൾ, വാഴ്വേ മായം (1983) തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് സംഗീതം നൽകി. എഞ്ചോടി മഞ്ചക്കുരുവി, ഒരു കിളി ഉരുഗുത്, പൂജക്കേറ്റ പൂവിത്, വാടി എൻ കപ്പ കെളങ്ങേ തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റുകളാണ്. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് തുടങ്ങിയ നിലകളിലും പ്രശസ്തനാണ്.


നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ എ.ആർ. വിജയകുമാർ എന്ന തലൈവാസൽ വിജയ് തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിൽ ശ്രദ്ധേയനാണ്. മൂന്നുപതിറ്റാണ്ടുകളിലായി 260ൽ അധികം സിനിമകളിൽ അഭിനയിച്ചു. യുഗപുരുഷൻ എന്ന മലയാള സിനിമയിൽ ശ്രീനാരായണ ഗുരുവിന്റെ വേഷം അവതരിപ്പിച്ചിരുന്നു.


ഇന്ത്യ യൂറേഷ്യൻ ട്രേഡ് കൗൺസിൽ ചെയർമാനായ ഡോ.എ.വി. അനൂപ് 41 വർഷമായി ആയുർവേദ ഔഷധ, ഭക്ഷ്യ വ്യവസായ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിയാണ്. എ.ജി.വാസവന്റെയും ലില്ലി ബായിയുടെയും മകനാണ്. തിരുവനന്തപുരത്ത് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം എം.ജി കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടി. അനൂപിന്റെ സംരംഭം മെഡിമിക്സ് സോപ്പുകൾ ഏറ്റവുമധികം കൈകൊണ്ടു നിർമ്മിച്ചതിന് ലിംക ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടിയിട്ടുണ്ട്. കുടുംബത്തോടൊപ്പം ചെന്നൈയിലാണ് താമസം.