
കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം പലപ്പോഴും മലീമസമാണ്. ഒന്നിനു പിറകെ ഒന്നായുണ്ടാകുന്ന രാഷ്ട്രീയ വിവാദങ്ങളും ഉന്നത പദവികൾ മറന്നുള്ള ചിലരുടെ തരംതാണ പദപ്രയോഗങ്ങളുമാണ് കാരണം. എന്നാൽ അതിനിടയിലും നന്മയും ആർദ്രതയും പ്രകാശമായി പരക്കുന്ന സംഭവങ്ങളും കടന്നുവരാറുണ്ട്. അതിലൊന്നാണ് തൊടുപുഴയ്ക്കടുത്തുള്ള വെള്ളിയാമറ്റത്തെ കുട്ടിക്കർഷകന്റെ വേദന.
അച്ഛന്റെ മരണശേഷം കുടുംബം പോറ്റാനായി വളർത്തിയ 13 കന്നുകാലികൾ ഭക്ഷ്യവിഷബാധയേറ്റു കൂട്ടത്തോടെ നഷ്ടപ്പെട്ടപ്പോൾ മാത്യു ബെന്നിയെന്ന പതിനഞ്ചുകാരൻ തളർന്നുപോയി. പക്ഷേ മലയാളികൾ അത് സ്വന്തം നോവും അനുഭവവുമായി കണ്ട് ആ കുടുംബത്തെ ചേർത്തുപിടിച്ചു. ആകാവുന്ന സഹായവും വാത്സല്യവും ചൊരിഞ്ഞു. പ്രശസ്തരും സമ്പന്നരും സാധാരണക്കാരും വരെ ഇക്കാര്യത്തിൽ ഒരുപോലെ അണിനിരന്നു.
പ്രകൃതിദുരന്തങ്ങളും വിധിയുടെ ക്രൂരമായ പ്രഹരങ്ങളും ഏറ്റുവാങ്ങുന്നവരോട് കരുണ കാട്ടാൻ എല്ലാകാലത്തും കേരളം എല്ലാവിധ ഭേദങ്ങളും മറന്ന് ഒറ്റക്കെട്ടായിട്ടുണ്ട്. അത് നമുക്ക് അഭിമാനിക്കാവുന്ന ഒരു മാതൃക തന്നെ.
വലിയ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റുന്ന സംഭവങ്ങളുടെ ചൂടും പ്രാധാന്യവും പെട്ടെന്ന് ശമിച്ചുപോകും. പിൻവാങ്ങുന്ന സംഭവങ്ങളുടെ മേൽ പുതിയ തിരമാലകൾ കടന്നുവരും. കുട്ടിക്കർഷകന്റെ വേദനയും അതിനു വഴിതെളിച്ച കാര്യങ്ങളും അധികൃതർ കണ്ണുതുറന്നു കാണണം. ആയിരക്കണക്കിനു വരുന്ന ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ അനവധിയാണ്. അവർ കൈകാര്യം ചെയ്യുന്നത് പാലാണെങ്കിലും, അവരുടെ ജീവിതം അത്ര വെണ്മയാർന്നതല്ല. നിശബ്ദമായ വേദനകൾ ഉള്ളിലൊതുക്കി മിണ്ടാപ്രാണികളെപ്പോലെ ജീവിതം തള്ളിനീക്കുന്ന അവർ നേരിടുന്ന ഒരു ദുസ്ഥിതിയെക്കുറിച്ച് ഞങ്ങൾ കഴിഞ്ഞ ദിവസം 'ഗോസമൃദ്ധി പദ്ധതി മുടങ്ങി, പശു ഇൻഷ്വറൻസ് നിലച്ചു" എന്ന തലക്കെട്ടിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ ഗോസമൃദ്ധി ഇൻഷ്വറൻസ് പദ്ധതി മുടങ്ങിയതാണ് വിഷയം. ഇതു കാരണം ക്ഷീരകർഷകരാകെ ആശങ്കയിലാണ്. പശുവിന് അസുഖം ഉണ്ടായാലോ ചത്താലോ ഒരു രൂപപോലും ലഭിക്കില്ല. ഇൻഷ്വറൻസ് പദ്ധതിക്കായി ബഡ്‌ജറ്റിൽ 6 കോടി അനുവദിച്ചെങ്കിലും അതു മൃഗസംരക്ഷണ വകുപ്പിന് കൈമാറിയിട്ടില്ല. 60,000 രൂപ വരെ പശുക്കൾക്ക് വർഷത്തിൽ ഇൻഷ്വറൻസ് നൽകിയിരുന്ന പദ്ധതിയിൽ ഇക്കൊല്ലം ഒരു പശുവിനെപ്പോലും ചേർക്കാനായിട്ടില്ല. ഇൻഷ്വറൻസ് പ്രീമിയം തുകയിലെ കർഷക വിഹിതം അടച്ചു രസീതു ഹാജരാക്കുന്ന മുറയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ വിഹിതം കൂടി ചേർത്താണ് ഇൻഷ്വറൻസ് ഏർപ്പെടുത്തിയിരുന്നത്. ഇതിനായി സർക്കാർ വിഹിതം എസ്.ബി.ഐ അക്കൗണ്ടിലേക്ക് മാറ്റുന്നതായിരുന്നു പതിവ്. ഇക്കൊല്ലം പണം എസ്.ബി.ഐയിലേക്ക് മാറ്റാൻ ധനകാര്യവകുപ്പ് അനുമതി നൽകിയില്ല. ഇൻഷ്വറൻസ് കമ്പനിയെ തിരഞ്ഞെടുത്തും പ്രീമിയം തുക നിശ്ചയിച്ചും ധനകാര്യവകുപ്പിന് നൽകിയ പ്രൊപ്പോസലാകട്ടെ അംഗീകരിച്ചതുമില്ല.
60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമുള്ള പുതിയ ഇൻഷ്വറൻസ് പദ്ധതിക്ക് രൂപം നൽകാൻ ആലോചിക്കുന്നതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞിട്ടുണ്ട്.
സമൂഹം ഒന്നാകെ ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങൾ വരുമ്പോൾ അതിന്റെ ഉപരിതലത്തിൽ മാത്രം ശ്രദ്ധിച്ചാൽ പോരാ. കുട്ടിക്ഷീരകർഷകന്റെ കുടുംബത്തിനുണ്ടായ വേദനയുടെ കാരണം കപ്പത്തൊലിയിലെ വിഷാംശമാണോ അല്ലയോ എന്ന് മാത്രം ചർച്ചചെയ്തു പോകേണ്ടതല്ല ഈ മേഖലയിലെ പ്രശ്നങ്ങൾ. അതിന്റെ അടിത്തട്ടിലേക്ക് കൂടി ചെന്നെത്തണം അധികാരികളുടെ കണ്ണും ശ്രദ്ധയും.