
കല്ലമ്പലം: അരനൂറ്റാണ്ടോളമായി പ്രവർത്തനം നിലച്ച നാവായിക്കുളം വെട്ടിയറയിലെ എൻ.എസ്.എസ് ആശുപത്രിയും ഒന്നേകാൽ ഏക്കർ സ്ഥലവുമിപ്പോൾ ഇഴജന്തുക്കളുടെയും മരപ്പട്ടികളുടെയും താവളവും നാട്ടുകാരുടെ മാലിന്യനിക്ഷേപ കേന്ദ്രവും. നാടിന്റെ ഉന്നമനം ലക്ഷ്യമാക്കി വെട്ടിയറ പുത്തൻവീട്ടിൽ രാമക്കുറുപ്പാണ് 60 വർഷത്തിന് മുൻപ് സൗജന്യമായി ഈ സ്ഥലം ആശുപത്രി നിർമ്മിക്കുന്നതിനായി എൻ.എസ്.എസ് ചങ്ങനാശ്ശേരി ഹെഡ് ക്വാർട്ടേഴ്സിന് കൈമാറിയത്. നാട്ടുകാരുടെ സഹായത്തോടെയും സഹകരണത്തോടെയും 10 പേരെ കിടത്തി ചികിത്സിക്കത്തക്ക രീതിയിൽ അത്യാധുനിക സൗകര്യങ്ങളോടെ എൻ.എസ്.എസ് ആശുപത്രി നിർമ്മിച്ചു. 10 വർഷത്തോളം ആശുപത്രി എൻ.എസ്.എസിന്റെ ഉടമസ്ഥതയിലും മേൽനോട്ടത്തിലും സുഗമമായി പ്രവർത്തിച്ചെങ്കിലും വളരെ പെട്ടെന്നാണ് ഇത് എന്നന്നേക്കുമായി താഴെ വീണത്. പ്രദേശത്ത് നിന്നെടുത്ത ജീവനക്കാരുടെ പടലപ്പിണക്കവും നിരുത്തരവാദപരവും കുതികാലുവെട്ടും ആശുപത്രി പൂട്ടാൻ മുഖ്യകാരണമായി. ആശുപത്രിയുടെ പ്രവർത്തനം നിലച്ചതോടെ ആശുപത്രി ഉപകരണങ്ങൾ എൻ.എസ്.എസിന്റെ കീഴിലുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പ് മൂലം സാധിച്ചില്ല. കാലക്രമേണ ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങി. ഇതിനിടയിൽ മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി ആശുപത്രിയും പരിസരവും മാറി. നാടിന്റെ നന്മയ്ക്കും വികസനത്തിനും ഉപയോഗപ്പെടുത്താൻ പൂർവികർ സൗജന്യമായി നൽകിയ സ്ഥലം കാടുപിടിച്ചു നശിക്കുന്നതിൽ ഇവരുടെ പിൻഗാമികൾക്ക് അതൃപ്തിയുണ്ട്. ഇനിയെങ്കിലും ഈ സ്ഥലം ഉപയോഗപ്രദമാക്കണമെന്നാണ് ഇവരുടെ ആവശ്യം. 500 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന മിനി ഓഡിറ്റോറിയവും സദ്യാലയവും കോംപ്ലക്സും എൻ.എസ്.എസ് വർക്കല താലൂക്ക് ആസ്ഥാന മന്ദിരവും ഇവിടെ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നും അതിന്റെ സാദ്ധ്യതാപഠനം കഴിഞ്ഞെന്നും നാട്ടുകാരിൽ ചിലർ സൂചിപ്പിച്ചു. എന്നിരുന്നാലും കാട് വെട്ടിത്തെളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 കാടുകയറി വനമായി
നോക്കാനാളില്ലാതെ അന്യാധീനപ്പെട്ട സ്ഥലം വളരെപ്പെട്ടെന്നാണ് കാടുകയറി വനമായത്. ഇതിനെതിരെ പരാതികൾ ഉയർന്നതോടെ 10 വർഷത്തിനു മുൻപ് ചുറ്റുമതിൽ കെട്ടി സ്ഥലം സംരക്ഷിക്കുകയും ആയുർവേദ മരുന്നുകൾക്കായി ഔഷധച്ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. തുടർന്ന് ആയുർവേദ ആശുപത്രി നിർമ്മിക്കാനായി ആദ്യ ഗഡു എന്ന നിലയ്ക്ക് എൻ.എസ്.എസ് 20 ലക്ഷം രൂപയും വകയിരുത്തി. രാത്രിയിൽ സാമൂഹിക വിരുദ്ധർ ഔഷധച്ചെടികൾ നശിപ്പിച്ചതോടെ ആയുർവേദ ആശുപത്രി നിർമ്മാണത്തിൽ നിന്നു ബന്ധപ്പെട്ടവർ പിൻവാങ്ങി. വർഷങ്ങൾ കഴിഞ്ഞതോടെ പ്രദേശം കാടുകയറി ഉഗ്രവിഷമുള്ള ഇഴജന്തുക്കളുടെയും മരപ്പട്ടികളുടെയും താവളമായി മാറി. പ്രദേശവാസികൾ മതിലിനു മുകളിലൂടെ മാലിന്യം നിക്ഷേപിക്കാൻ തുടങ്ങിയതോടെ ഇവിടം മാലിന്യനിക്ഷേപ കേന്ദ്രമായി മാറി.