
വിതുര: തുടർച്ചയായി പുലിയുടെ സാന്നിദ്ധ്യം കണ്ടതോടെ പൊൻമുടി ഗവ. യു.പി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ബുദ്ധിമുട്ടിൽ. ഡിസംബറിലും ജനുവരിയിലുമായി രണ്ടു തവണയാണ് സ്കൂൾ പരിസരത്ത് പുലിയിറങ്ങി ഭീതിപരത്തിയത്. പുലിയെ വീണ്ടും കണ്ടതോടെ ജീവഭയത്തിലാണ് വിദ്യാർത്ഥികൾ. സ്കൂളിലേക്ക് വരാനുള്ള വിമുഖതകാട്ടുന്നതായും രക്ഷകർത്താക്കൾ പറയുന്നു. ഇതോടെ പൊൻമുടിയിൽ ഒന്നിച്ചെത്തിയ ശേഷമാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും കൂട്ടത്തോടെ സ്കൂളുകളിലേക്ക് പോകുന്നത്.
സ്കൂൾ പരിസരത്ത് അടുത്തടുത്തായി രണ്ട് തവണയാണ് പുലിയെ കണ്ടത്. രണ്ട് പ്രാവശ്യവും സ്കൂളിലെ പാചകക്കാരിയാണ് പുലിയെ കണ്ടത്. പുലിയെ കണ്ടതോടെ രാജമ്മ ഓടി രക്ഷപെടുകയായിരുന്നു. പുലി ആക്രമിച്ചില്ലെങ്കിലും ഭയത്തോടെയാണ് സ്കൂളിലെത്തുന്നതെന്ന് വിജയമ്മ പറഞ്ഞു.
 പുലിയെ പിടികൂടണം
1964 ലാണ് പൊൻമുടി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. രണ്ടേകാൽ ഏക്കർ സ്ഥലമുണ്ട്. തുടക്കത്തിൽ കുട്ടികൾ കുറവായിരുന്നെങ്കിലും പിന്നീട് എണ്ണം 300 കടന്നു. എസ്റ്റേറ്റുകളുടെ പ്രവർത്തനം താളം തെറ്റിയതോടെ വിദ്യാർത്ഥികളുടെ എണ്ണം വീണ്ടും കുറഞ്ഞു. പൊൻമുടി, മെർക്കിസ്റ്റൺ എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. നിലവിൽ 34 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. തുടർച്ചയായി പുലിയെത്തിയതോടെ പൊൻമുടി എസ്റ്റേറ്റ് തൊഴിലാളികളും ഭയപ്പാടിലാണ്. പുലിയെ അടിയന്തരമായി പിടികൂടണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
 വനത്തിനോടു ചേർന്നാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ചുറ്റുമതിൽ നിർമ്മിച്ചിട്ടില്ല.
പുലിയും കാട്ടാനയും കരടിയും കാട്ടുപോത്തും മ്ലാവും കുരങ്ങും വരെ സ്കൂളിൽ എത്തും.
രാത്രിയിൽ സ്കൂളിൽ തമ്പടിക്കുന്ന കാട്ടുമൃഗങ്ങൾ പുലർച്ചെയാണ് സ്കൂൾ പരിസരം വിടുന്നത്.
വികസനം കടലാസിൽ
പൊൻമുടി സ്കൂളിൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപനം നടത്തിയ വികസനപ്രവർത്തനങ്ങളിൽ ഭൂരിഭാഗവും നടന്നിട്ടില്ല. മാറിമാറിവരുന്ന സർക്കാരുകൾ പരിമിതികൾക്കും പരാധീനതകൾക്കും നടുവിൽ പ്രവർത്തിക്കുന്ന സ്കൂളിനെ അവഗണിക്കുകയാണെന്ന പരാതിയുമുണ്ട്. സ്കൂളിന്റെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടി അനവധി തവണ അധികാരികൾക്ക് നൽകിയ പരാതികൾ വെളിച്ചം കണ്ടില്ല. അടുത്തിടെ മന്ത്രി വി. ശിവൻകുട്ടിക്കു വരെ നിവേദനം നൽകിയിരുന്നു. അടിയന്തരനടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും പിന്നീട് അനക്കമില്ലെന്ന് രക്ഷകർത്താക്കൾ പറയുന്നു. മാത്രമല്ല 2022 ൽ പുലിയിറങ്ങിയപ്പോൾ കളക്ടറും, ബാലാവകാശകമ്മിഷനും സ്കൂൾ സന്ദർശിച്ചിരുന്നു. നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും യാഥാർത്ഥ്യമായില്ല.
പുലിയെ പിടിക്കും
സ്കൂൾ പരിസരത്തുകണ്ട പുലിയെ പിടികൂടുമെന്ന് വനംവകുപ്പ് അറിയിച്ചു. പുലിയെ കണ്ടെത്തുന്നതിനായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇനിയും പുലി ഇറങ്ങിയാൽ കെണിസ്ഥാപിച്ച് പിടികൂടാനാണ് തീരുമാനമെന്ന് ഡി.എഫ്.ഒ കെ.ഐ.പ്രദീപ്കുമാർ അറിയിച്ചു. ഡി.കെ.മുരളി എം.എൽ.എയും പുലിയെ പിടിക്കാൻ വനപാലകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, പുലിയുടെ വരവ് വിനോദസഞ്ചാരികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.