
പണ്ടെന്നോ വയലായിരുന്നവയും പിന്നീട് കരഭൂമിയായി മാറുകയും ചെയ്ത ഭൂമി തരം മാറ്റിയെടുക്കാനുള്ള അപേക്ഷകൾ ആർ.ഡി.ഒ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. സമയബന്ധിതമായി ഇവയിൽ തീർപ്പുണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും അപേക്ഷകർ അനന്തമായി കാത്തിരിക്കേണ്ട സ്ഥിതിയാണ്. 25 സെന്റു വരെയുള്ള പഴയ നിലങ്ങൾ കരഭൂമിയായി മാറ്റുന്നതിന് ഫീസ് നൽകേണ്ടതില്ല. അതിനു മുകളിൽ അളവു വരുന്ന ഭൂമിക്ക് ഫീസ് നിശ്ചയിച്ചിട്ടുണ്ട്. റവന്യു ഓഫീസുകളിൽ ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിലാക്കുന്നതിന് നേരത്തെ പ്രത്യേകം ഉദ്യോഗസ്ഥന്മാരെ നിയമിച്ചിരുന്നു. ഇപ്പോഴും അവർ പ്രവർത്തിക്കുന്നുണ്ടോ എന്നറിയില്ല. ഏതായാലും ഭൂമി തരംമാറ്റുന്നതിനുള്ള അപക്ഷകൾ സംസ്ഥാനത്തൊട്ടുക്കും കുന്നുകൂടിക്കൊണ്ടിരിക്കുകയാണ്. 2022 ഫെബ്രുവരിക്കുശേഷം ഭൂമി തരംമാറ്റാൻ 3.68 ലക്ഷം അപേക്ഷകളാണു ലഭിച്ചത്. പരിശോധനകൾ നടത്തി ഇവയിൽ തീർപ്പുണ്ടാക്കാൻ എത്രനാൾ വേണ്ടിവരുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
അപേക്ഷകരിൽ നിന്നുയരുന്ന മുറവിളിയുടെ പശ്ചാത്തലത്തിൽ പ്രത്യേക അദാലത്തുകൾ നടത്തി നടപടികൾ ത്വരിതപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. ഇതിനായി ജനുവരി 15 മുതൽ ഫെബ്രുവരി 17 വരെ 27 ആർ.ഡി. ഓഫീസുകളിൽ പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കും. 25 സെന്റ് വരെയുള്ള നിലങ്ങൾ ക്രമവത്കരിക്കുന്നതിനാകും അദാലത്തുകളിൽ മുൻഗണന. റവന്യു മന്ത്രിയുടെ നേതൃത്വത്തിലാകും അദാലത്തുകൾ. 1,18,523 അപേക്ഷകളാകും അദാലത്തുകളിൽ തീരുമാനത്തിനായി എത്തുക. അദാലത്ത് നടക്കുന്ന ദിവസം തന്നെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് രണ്ടുദിവസത്തിനകം കരമടയ്ക്കാനുള്ള സൗകര്യം ലഭിക്കത്തക്കവിധമാകും തീർപ്പുണ്ടാക്കൽ എന്ന് റവന്യുവകുപ്പ് ഉറപ്പുനൽകിയിട്ടുണ്ട്. അപേക്ഷകരെ സംബന്ധിച്ച് ആശ്വാസകരമായ തീരുമാനമാണിത്. അദാലത്തിൽ പങ്കെടുക്കാനായി അപേക്ഷകർ പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല എന്ന തീരുമാനവും നന്നായി. നേരത്തെ സമർപ്പിച്ച അപേക്ഷയിലെ ഫോൺനമ്പരിൽ അദാലത്തിന്റെ തീയതിയും സമയവും അറിയിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനകം ലഭിച്ച അപേക്ഷകൾ മുഴുവൻ തീർപ്പാക്കിയശേഷവും ഭൂമി തരം മാറ്റാനുള്ള അപേക്ഷകൾ ഇനിയും വന്നുകൊണ്ടിരിക്കും. അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് തീരുമാനമെടുക്കാനായാൽ ഇപ്പോഴത്തെപ്പോലെ അപേക്ഷകൾ കുന്നുകൂടുകയില്ല. ഇതിനായി റവന്യു ഓഫീസുകളിൽ പ്രത്യേക വിഭാഗം തന്നെ ഏർപ്പെടുത്താവുന്നതാണ്. സംസ്ഥാനത്ത് നെൽകൃഷി നാമമാത്രമായി ചുരുങ്ങിയതോടെ പഴയ നെൽപ്പാടങ്ങൾ പലതും ഇതിനകം കരയായി മാറിയിട്ടുണ്ട്. നെൽവയൽ സംരക്ഷണ നിയമം കൊണ്ടുവന്നിട്ടും നെൽകൃഷി അഭിവൃദ്ധിപ്പെട്ടിട്ടില്ല. വയലുകൾ നികത്തുന്നത് നിയമവിരുദ്ധമാകയാൽ ഹെക്ടർ കണക്കിന് നിലങ്ങൾ തരിശായി കിടപ്പുണ്ട്. വീടുവയ്ക്കാനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കുമായി അഞ്ചോ പത്തോ സെന്റ് കരഭൂമിയായി മാറ്റാൻ അനുവാദമുണ്ട്. അതിനാകട്ടെ കടമ്പകൾ പലതുണ്ടുതാനും. ഇരുപത്തഞ്ചു സെന്റ് വരെ നിലം നികത്തി മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്ന നിയമം വന്നതോടെയാണ് അതിനുവേണ്ടിയുള്ള അപേക്ഷകൾ കുന്നുകൂടാൻ തുടങ്ങിയത്. 3.68 ലക്ഷം അപേക്ഷകൾ ലഭിച്ചതിൽ 1.12 ലക്ഷം ഇതിനകം തീർപ്പായിട്ടുണ്ട്. സൗജന്യ പരിധിയിൽ വരുന്ന അപേക്ഷകളാണ് അധികവും കെട്ടിക്കിടക്കുന്നത്. നടപടിക്രമങ്ങളിലെ നൂലാമാലകളും സർക്കാർ സംവിധാനങ്ങളിലെ സ്വതസിദ്ധമായ കാലതാമസവുമെല്ലാം അപേക്ഷകളിൽ തീരുമാനം വൈകാൻ കാരണമായിട്ടുണ്ട്. അദാലത്തുകൾ വഴി ഈ വക പ്രശ്നങ്ങൾ നല്ലതോതിൽ മറികടക്കാനാകും. ആളോഹരി ഭൂമി നന്നേ കുറവായ കേരളത്തിൽ പണ്ടെന്നോ നിലമായിരുന്നതിന്റെ പേരിൽ ഭൂമി മറ്റാവശ്യങ്ങൾക്കായി തരം മാറ്റരുതെന്നു ശഠിക്കാനാവില്ലല്ലോ. ഭൂവുടമകളുടെ ഏറെനാളത്തെ മുറവിളിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇതുസംബന്ധിച്ച് പ്രത്യേക നിയമം കൊണ്ടുവന്നത്. ഇടനിലക്കാരില്ലാതെതന്നെ അപേക്ഷകളിൽ തീർപ്പുണ്ടാകാൻ അദാലത്തുകൾ സഹായിക്കും.