anandhu

മലയിൻകീഴ്: ഉറങ്ങിക്കിടന്ന ഒന്നരവയസുകാരനെ അമ്മയുടെ മാനസികരോഗിയായ സഹോദരി കിണറ്റിലെറിഞ്ഞു കൊന്നു. സൈമൺ റോഡിൽ അങ്കണവാടിക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന സിന്ധുവിന്റെ (38) മകൻ അനന്തനാണ് മരിച്ചത്. സംഭവത്തിൽ ഇളയസഹോദരി മഞ്ജുവിനെ (36) വിളപ്പിൽശാല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ 11 വർഷമായി മാനസിക രോഗത്തിന് ചികിത്സയിലാണ്. മലയിൻകീഴ് ഉറിയാക്കോടിൽ ഇന്നലെ രാവിലെ 11.15നാണ് ദാരുണസംഭവം.

കുഞ്ഞിനെ ഉറക്കിയശേഷം അമ്മ സിന്ധു വീടിനു പിറകുവശത്തുനിന്ന് തുണി അലക്കുന്നതിനിടെയാണ് കൊലപാതകം. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീട്ടുമുറ്റത്തെ കിണറ്റിൽ കുഞ്ഞിനെ ഇട്ടശേഷം മഞ്ജു തന്നെ സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളോട് വിവരം പറയുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി കുഞ്ഞിനെ പുറത്തെടുത്ത് വെള്ളനാട് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് വിളപ്പിൽശാല സി.ഐ എൻ.സുരേഷ് കുമാർ അറിയിച്ചു.


രണ്ടുപേരുടെയും ഭർത്താവ് ഒരാൾ

കൂലിപ്പണിക്കാരനായ ശ്രീകണ്ഠനാണ് സിന്ധുവിന്റെയും അനുജത്തി മഞ്ജുവിന്റെയും ഭർത്താവ്. ആദ്യം മഞ്ജുവിനെ വിവാഹംചെയ്ത ഇയാൾ സിന്ധുവിനെയും ഭാര്യയായി സ്വീകരിക്കുകയായിരുന്നു. മഞ്ജുവിന് രണ്ടു മക്കളുണ്ട്. വിവാഹം കഴിഞ്ഞ് അ‍ഞ്ചുമാസം കഴിഞ്ഞപ്പോൾ സിന്ധുവിന്റെ ഭർത്താവ് ഉപേക്ഷിച്ചുപോയിരുന്നു. ശ്രീകണ്ഠന് സിന്ധുവിൽ മരിച്ച കുട്ടിയുൾപ്പെടെ മൂന്ന് മക്കളുണ്ട്.